ഇഅ്തികാഫിന്റെ പുണ്യം നേടുക
പള്ളിയില്‍ ഇഅ്തികാഫ് (ഭജനമിരിക്കല്‍)എല്ലാ കാലത്തും സുന്നത്താണെങ്കിലും റമദാനിന്റെ അവസാനത്തെ പത്തില്‍ അതിന് ഏറെ പ്രതിഫലം ലഭിക്കുന്നു. നോമ്പുകാരന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ഏറെ സഹായകരമാണ് ഇഅ്തികാഫ്. ആ രാത്രികളിലെ ഇഅ്തികാഫ് ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം നേടാനും സ്വര്‍ഗത്തിലെത്താനും അവസരമൊരുക്കുന്നു. അനസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: 'റമദാനിലെ അവസാനത്തെ പത്ത് തുടങ്ങിയാല്‍ നബി(സ) തന്റെ ഉടുതുണി മുറുക്കിക്കെട്ടുകയും രാത്രി ഉറക്കമൊഴിച്ച് സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു. നബി(സ) എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. വഫാതായ വര്‍ഷം ഇരുപത് ദിവസമായിരുന്നു ഇഅ്തികാഫ് ഇരുന്നത്' (ബുഖാരി).
ഇബ്‌നു മാജ (റ)റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇഅ്തികാഫുകാരനെക്കുറിച്ച്: 'ഒരാള്‍ ഇഅ്തികാഫ് ഇരുന്നാല്‍ പാപങ്ങളില്‍ നിന്ന് തടയപ്പെടുകയും എല്ലാ സല്‍കര്‍മങ്ങളും അനുഷ്ഠിച്ചവനെപ്പോലെയുള്ള നന്മ അയാളുടെ പേരില്‍ എഴുതപ്പെടുകയും ചെയ്യുന്നതാണ് ' എന്ന് പറഞ്ഞത് കാണാം. പള്ളിയില്‍ ഒതുങ്ങി പുറത്തിറങ്ങാതെ ഇഅ്തികാഫിരുന്ന കാരണം കൊണ്ട് അവനു സല്‍കര്‍മങ്ങളുടെ പ്രതിഫലം നഷ്ടപ്പെടില്ലെന്നു ഈ ഹദീസില്‍ നിന്നു വ്യക്തമാണ്. 'അല്ലാഹുവിന് വേണ്ടി ഈ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാന്‍ ഞാന്‍ കരുതി ' എന്ന നിയ്യത്തോടു കൂടി പള്ളിയില്‍ താമസിക്കുന്നതിനാണ് 'ഇഅ്തികാഫ്' എന്നു പറയുന്നത്. പള്ളിയില്‍ ഇരിക്കണമെന്നില്ല, പള്ളിയില്‍ കിടന്നാലും നടന്നാലും ഇഅ്തികാഫ് ആകും.
പക്ഷെ നിയ്യത്തു വേണം
അസ്വസ്ഥമായ ഹൃദയത്തിന് ചികിത്സയും സംസ്‌കരണവും ഇഅ്തികാഫിലൂടെ സാധിക്കുന്നു. മനസിനെയും ശരീരത്തെയും മറ്റ് പ്രലോഭനങ്ങളില്ലാതെ സ്വയം മെരുക്കിയെടുക്കാന്‍ സാധിക്കുമെന്ന പാഠം വിശ്വാസിക്ക് ഇതിലൂടെ ലഭിക്കുന്നു. തന്റെ വൈകല്യങ്ങളെയും ബലഹീനതകളെയും സ്വയം ചികിത്സിച്ചുകൊണ്ട് ആത്മനിയന്ത്രണം പാലിക്കാനും സമയം ക്രമീകരിക്കാനും അതിന്റെ വില മനസിലാക്കാനും സാധിക്കുന്നു.
അല്ലാഹുവിന്റെ ഭവനത്തില്‍ ഇരിക്കുന്നതിലൂടെ ദൈവസാമീപ്യവും അനുഗ്രഹവും നേടുന്നു. നിസ്‌കാരങ്ങള്‍ അതിന്റെ നിര്‍ണിത സമയങ്ങളില്‍ തന്നെ ജമാഅത്തായി നിര്‍വഹിക്കാന്‍ സാധിക്കുന്നു. ഇത്യാദി നിരവധി പുണ്യങ്ങള്‍ നിരഞ്ഞുനില്‍ക്കുന്നതിനാല്‍ നോമ്പുകാരന് അത് ഒരിക്കലും അവഗണിക്കുക വയ്യ.
റമദാനിലാകട്ടെ അല്ലാത്ത കാലത്താവട്ടെ പള്ളിയില്‍ പ്രവേശിക്കുമ്പോഴെല്ലാം ഇഅ്തികാഫ് കരുതാന്‍ ശ്രദ്ധിക്കേണ്ടതാണ്. അദ്ധ്വാനമില്ലാതെ മഹത്തായ പ്രതിഫലം ലഭിക്കുന്ന ഒരു ഇബാദത്താണത്. ആനുകൂല്യങ്ങളായി ലഭിക്കുന്ന പ്രതിഫലങ്ങളെല്ലാം നഷ്ടപ്പെടുത്തിയിട്ട് അവസാനം ഖേദം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല. അവസരം ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."