തെരുവുനായ വന്ധ്യംകരണത്തിന് മൊബൈല്‍ യൂനിറ്റ്
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന് നടപ്പാക്കുന്ന അനിമല്‍ ബെര്‍ത്ത് കണ്ട്രോള് മൈക്രോ സംരംഭ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് മൊബൈല്‍ എ.ബി.സി യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് നല്കിയ മൂന്നു ലക്ഷം രൂപയും കുടുംബശ്രീ ജില്ലാമിഷന് നല്കിയ നാലു ലക്ഷം രൂപയും ബാങ്ക് സബ്സിഡിയായി ലഭിച്ച ഒമ്പതു ലക്ഷം രൂപയും ഉള്‍പ്പെടെ 16 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 2018-19 സാമ്പത്തികവര്‍ഷം എ.ബി.സിക്കായി അധികം തുക വകയിരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂടാതെ ജില്ലയിലെ പഞ്ചായത്ത് ഭരണസമിതി വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ പദ്ധതിക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിച്ചു.
ജില്ലയില്‍ എട്ടു യൂനിറ്റുകളുടെ സഹായത്തോടെ 4300 തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി കഴിഞ്ഞു. എ.ബി.സി സെന്ററിനാവശ്യമായ ഉപകരണങ്ങള്‍ മൊബൈല്‍ യൂനിറ്റ് മുഖേന ആശുപത്രികളില്‍ എത്തിച്ച് തെരുവ് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ്ക്ക് വിധേയമാക്കുകയാണ് ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ മൊബൈല്‍ യൂനിറ്റ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അധ്യക്ഷനായി.
ജില്ലാമിഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര് ഷൈജു, കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫിസര്‍ നികേഷ് കിരണ്‍, എ.ഡി.എം.സിമാരായ സിയാദ്, ഷാനിമോള്‍, എം.എസ് അഞ്ജന പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."