യാത്രാവിലക്ക് മുസ്‌ലിം വിരുദ്ധമല്ലെന്ന് സഊദി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്ക് മുസ്‌ലിം വിരുദ്ധമല്ലെന്ന് സഊദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആല്‍ സഊദ്. കഴിഞ്ഞ ദിവസം ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് സല്‍മാന്‍. നടപടി മുസ്‌ലിം രാജ്യങ്ങള്‍ക്കോ ഇസ്‌ലാമിനോ വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയ്ക്കിടെ ഇസ്‌ലാമുമായി ബന്ധപ്പെട്ട് ട്രംപ് സ്വീകരിച്ച അനുകൂല നിലപാടില്‍ രാജകുമാരന്‍ സംതൃപ്തി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് അറിയിച്ചു. ഇറാന്‍ പശ്ചിമേഷ്യക്ക് സുരക്ഷാഭീഷണിയാണെന്നും ഇറാന്‍ ആണവ ഉടമ്പടി പ്രദേശത്തിന്റെ സുരക്ഷക്ക് അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയില്‍ ഇറാന്‍ നടത്തുന്ന നീക്കങ്ങളുടെ അപകടത്തെ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി വക്താവ് പറഞ്ഞു.
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ടണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായിട്ടുണ്ട്. ഐ.എസിനെതിരേ യമനിലെ ഔദ്യോഗിക സര്‍ക്കാര്‍ സൈന്യത്തിനുവേണ്ടി സഊദിയുടെ നേതൃത്വത്തില്‍ കനത്തയുദ്ധം തുടരുന്നതിനിടെ യമനില്‍ തന്നെയുള്ള അല്‍ ഖാഇദക്കെതിരേ അടുത്തിടെ അമേരിക്ക ആക്രമണം ശക്തമാക്കിയിരുന്നു. ട്രംപ് ഭരണകൂടം യമനിലെ യുദ്ധത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നതായി നേരത്തെതന്നെ വാര്‍ത്തകളുണ്ടണ്ടായിരുന്നു.
മേഖലയിലെ പ്രധാന രാജ്യമായ സഊദി അറേബ്യയും മറ്റു ജി.സി.സി രാജ്യങ്ങളും ചേര്‍ന്നുനിന്നാല്‍ പശ്ചിമേഷ്യയിലെ പ്രധാന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്നും നിലവില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സിറിയ, ഫലസ്തീന്‍ എന്നീ രാഷ്ട്രങ്ങളെ ഉയര്‍ത്തിക്കാട്ടി ട്രംപ് പറഞ്ഞു. സിറിയയില്‍ സമാധാന മേഖല (സേഫ് സോണ്‍) നിര്‍മിക്കുന്നതിലും ഫലസ്തീന്‍-ഇസ്‌റാഈല്‍ പ്രശ്‌നപരിഹാരത്തിനും ഈ ശക്തി ഉപകാരപ്പെടുമെന്നും ട്രംപ് ഉണര്‍ത്തി. സഊദിയും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.
അമേരിക്കയിലെത്തിയ രാജകുമാരന്‍ ചൊവ്വാഴ്ച വൈകിട്ടാണ് വാഷിങ്ടണില്‍ യു.എസ് പ്രസിഡന്റുമായി ചരിത്രപരമായ കൂടിക്കാഴ്ച നടത്തിയത്. ജനുവരി 20ന് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ട്രംപ് ഉന്നത സഊദി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഔദ്യോഗിക വസതിയായ ഓവല്‍ ഓഫിസില്‍ മുഹമ്മദ് സല്‍മാനെ ട്രംപ് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."