ലക്ഷ്യം പരിസ്ഥിതി സൗഹൃദ വിദ്യാലയങ്ങള്‍: ഹരിതോത്സവങ്ങള്‍ക്ക് തുടക്കമായി
പാറശാല: പരിസ്ഥിതി സൗഹൃദ വിദ്യാലയങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെ ഹരിതോത്സവങ്ങള്‍ക്ക് തുടക്കമായി. പാറശാല കുറുങ്കുട്ടി സാല്‍വേഷന്‍ആര്‍മി വിദ്യാലയ വളപ്പില്‍ പ്ലാവിന്‍ തൈനട്ട് അധ്യാപകര്‍ ഹരിതോത്സവത്തിന് തുടക്കം കുറിച്ചു.
അവധിക്കാല അധ്യാപക പരിശീലനത്തില്‍ നടപ്പ് അധ്യായന വര്‍ഷം വിദ്യാലയങ്ങളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് കരട് പദ്ധതിയും തയാറാക്കി. ഇവ സ്‌കൂള്‍ തലത്തില്‍ മെച്ചപ്പെടുത്തി രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന്റെ ജൈവ പ്രകൃതിയെ എല്ലാ നന്മകളോടും വീണ്ടെടുത്ത് വരും തലമുറയ്ക്ക് കൈമാറുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരിസ്തിതി ദിനമായ ജൂണ്‍ 5 മുതല്‍ പ്രധാന ദിനങ്ങളില്‍ പത്ത് ഉത്സവങ്ങളായാണ് ഹരിതോത്സവ സംഘാടനം. ഇതിനായി പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെ തയാറാക്കിയ 50 പേജുള്ള കൈപുസ്തകവും അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. പരിസ്ഥിതി ദിനമായ ജൂണ്‍ 5നാണ് ഒന്നാം ഉത്സവം.
തുടര്‍ന്ന് ജൂണ്‍ 17ന് മരുവത്കരണ വിരുദ്ധദിനവും ജൂലൈയ് ഒന്നിന് ഡോക്ടര്‍ ദിനവും ജൂലൈയ് 28 ന് ലോക പ്രകൃതി സംരക്ഷണ ദിനവും ഓഗസ്റ്റ് 9ന് പു:നരുപയോഗ ദിനവും ഓഗസ്റ്റ് 29ന് ദേശീയ കായിക ദിനവും സെപ്റ്റംബര്‍ 16 ന് ഓസോണ്‍ ദിനവും ഒക്‌ടോബര്‍ 2ന് ഗാന്ധിജയന്തിയും ഒക്‌ടോബര്‍ 1 ന് ലോക ഭക്ഷ്യദിനവും നവംബര്‍ 17ന് സര്‍വദേശീയ വിദ്യാര്‍ഥി ദിനവും ആചരിക്കും.
പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, ഹരിത നിയമാവലി, ഹരിത ഓഡിറ്റിങ് തുടങ്ങിയവ നടപ്പിലാക്കുന്നതിന് ബോധവല്‍കരണവും ഇടപെടലും യാഥാര്‍ഥ്യമാക്കും. ഹരിത കേരള മിഷന്റെ സഹകരണത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
കുറുംങ്കുട്ടി സാല്‍വേഷന്‍ ആര്‍മി വിദ്യാലയ വളപ്പില്‍ പരിശീലനത്തിനെത്തിയ അധ്യാപകര്‍ പ്ലാവിന്‍ തൈ നട്ടു. ബി.ആര്‍.സി പരിശീലകന്‍ എ.എസ് മന്‍സൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ഉമാദേവി, അധ്യാപകരായ പുഷ്പറാണി, വിമലകുമാരി, സജി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."