കളിപഠിപ്പിക്കാന്‍ മലയാളി സംഘം ലക്ഷദ്വീപിലേക്ക്
ആദ്യ സന്തോഷ് ട്രോഫി യോഗ്യതാ മത്സരത്തില്‍ തന്നെ മിന്നുന്ന പ്രകടനം കാഴ്ച വച്ച ദ്വീപുകാരെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ കേരളത്തില്‍ നിന്നും നാലു പരിശീലകര്‍ ലക്ഷദ്വീപിലെത്തുന്നു. വിവിധ ദ്വീപുകളില്‍ നിന്നായി തിരഞ്ഞെടുത്ത 30 കോച്ചുമാര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് സംഘം കവരത്തി ദ്വീപിലെത്തുന്നത്.
വയനാട്ടുകാരായ ശഫീഖ് ഹസന്‍, ജി. എസ് ബിജു, കോഴിക്കോട് സ്വദേശി സി. എം ദീപക്, തിരുവനന്തപുരം സ്വദേശി സി. ക്ലിന്റന്‍ എന്നിവരാണ് അടുത്ത ദിവസം ലക്ഷദ്വീപിലേക്ക് പുറപ്പെടുന്നത്. ലക്ഷദ്വീപ് ഫുട്‌ബോള്‍ അസോസിയേഷന്‍ തിരഞ്ഞെടുത്ത 30 കോച്ചുമാര്‍ക്ക് മൂന്നു ദിവസത്തെ പരിശീലനം നല്‍കും. കവരത്തി ദ്വീപിലായിരിക്കും പരിശീലനം. സന്തോഷ് ട്രോഫി യോഗ്യതക്കായി കോഴിക്കോട്ടെത്തിയ ലക്ഷദ്വീപ് ടീമിന്റെ കോച്ചായിരുന്നു സി. എം ദീപക്. തങ്ങളുടെ ആദ്യ പ്രധാന ടൂര്‍ണമെന്റായിരുന്നിട്ടും ടീം മികച്ച പ്രകടനമായിരുന്നു അന്ന് പുറത്തെടുത്തത്.
മികച്ച പരിശീലകരുടെ അഭാവം കാരണം ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ആദ്യ ടൂര്‍ണമെന്റില്‍ തന്നെ പ്രകടനം കൊണ്ട് ഞെട്ടിക്കാന്‍ ടീമിന് സാധിച്ചിരുന്നുവെന്ന് സി. എം ദീപക് സുപ്രഭാതത്തോട് പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ലോക വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലന പദ്ധതി ഒരുക്കിയിട്ടുള്ളത്.
പരിശീലനം വിലയിരുത്തുന്നതിന് വേണ്ടി ബ്രിട്ടീഷ് കൗണ്‍സില്‍ അധികൃതര്‍ ദ്വീപിലെത്തും. പരിശീലന പരിപാടി നടക്കുന്നതറിഞ്ഞ് ദ്വീപുകാരെല്ലാം ആവേശത്തിലാണെന്നും ദീപക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."