ഹലോ ഇംഗ്ലീഷ്: വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പഠനത്തിന് ഇനി എളുപ്പവഴി
ഹരിപ്പാട്: പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവ് കുറവാണെന്നുള്ള പരാതി ഇനി അവസാനിക്കും. പാട്ടിലൂടേയും കളികളിലൂടേയും അഭിനയത്തിലൂടേയും കുട്ടികളില്‍ ഇംഗ്ലീഷിലുള്ള ആശയ വിനിമയശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ ശിക്ഷാ അഭിയാന് തുടക്കം കുറിച്ചു.
എട്ടുദിവസം നീണ്ടു നില്ക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിലൂടെ ഇത് സാധ്യമാക്കുന്നതിനാവശ്യമായ സഹായം അധ്യാപകര്‍ക്ക് ലഭിക്കും. ഹലോ ഇംഗ്ലീഷ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഒന്നു മുതല്‍ ഏഴ് വരെ ക്ലാസുകളിലാണ് നടപ്പാക്കുന്നത്. സ്വാഭാവികമായ അന്തരീക്ഷത്തില്‍ കുട്ടികള്‍ക്ക് യാതൊരു ഭയവും ഇല്ലാതെ ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള സാഹചര്യം സ്കൂളുകളില്‍ ഒരുക്കി കൊടുക്കുന്നു.
ഹരിപ്പാട് ഉപജില്ലയില്‍ 63 പേരടങ്ങുന്ന അധ്യാപകരാണ് ഹലോ ഇംഗ്ലീഷ് ടീമില്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച പരിശീലനങ്ങള്‍ സ്കൂളുകളില്‍ മറ്റധ്യാപകര്‍ക്കും ഇവര്‍ നല്‍കും.
ഈ അക്കാദമിക വര്‍ഷം പകുതിയോടെ തന്നെ എല്ലാ കുട്ടികളും നല്ല രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ തയാറാകുമെന്ന് അധ്യാപകരും അഭിപ്രായപ്പെടുന്നു. കോറല്‍ സിംഗിങ്, ബുക്ക് ഡിസൈനിങ്, വിഷ്വലൈസേഷന്‍, ബുക്ക് റിവ്യൂ, ഹോട്ട് സീറ്റിങ് തുടങ്ങി ധാരാളം പ്രവര്‍ത്തനങ്ങള്‍ പരിശീലനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിന് ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.വി. ഷാജി, ബി.പി.ഒ. സുധീര്‍ ഖാന് റാവുത്തര്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."