കപ്പല്‍ശാല ഡ്രൈഡോക്ക്: പാരിസ്ഥിതിക തെളിവെടുപ്പു നടത്തി
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ പുതിയ ഡ്രൈഡോക്ക് നിര്‍മിക്കുന്നതിനു മുന്നോടിയായി ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പു നടത്തി. പ്രധാനമായും പാരിസ്ഥിതിക വിഷയങ്ങളാണു ചര്‍ച്ച ചെയ്യപ്പെട്ടത്. കപ്പല്‍ശാലയില്‍ ഇപ്പോള്‍ വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയില്ല. ഇതു പരിഹരിക്കാനാണു വലിയ ഡ്രൈഡോക്ക് നിര്‍മിക്കുന്നത്. യോഗത്തില്‍ എ.ഡി.എം സി ലതിക അധ്യക്ഷയായിരുന്നു. കപ്പല്‍ശാല ഡയറക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പൊതുജനങ്ങളും പങ്കെടുത്തു.
ഡല്‍ഹിയിലെ ഏഷ്യന്‍ ഷിപ്പ് യാര്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണു ഇതു സംബന്ധിച്ചു പഠനറിപ്പോര്‍ട്ട് തയാറാക്കിയതെന്നു കപ്പല്‍ശാല അധികൃതര്‍ അറിയിച്ചു. കപ്പല്‍ശാലയുടെ ഭാവി വികസനത്തിനായിക മാറ്റിവച്ചിട്ടുള്ള 30 ഏക്കറില്‍ 18 ഏക്കറിലാണു നിര്‍ദിഷ്ട ഡ്രൈഡോക്ക് നിര്‍മിക്കുന്നത്. വളരെ പ്രകൃതി സൗഹൃദമായിട്ടാണ് ഇപ്പോള്‍ കപ്പല്‍ശാലയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. പുക, മലിനജലം, മറ്റ് മാലിന്യങ്ങള്‍, ലോഹമാലിന്യങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ക്കു ഹാനികരമായ ഒന്നുംതന്നെ കപ്പല്‍ശാല കൈകാര്യം ചെയ്യുന്നില്ല.
എറണാകുളം കനാലിനോടു ചേര്‍ന്ന് തീരത്തു നിന്ന് നാലുലക്ഷം ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്യും. ഈ മണ്ണ് കൂറ്റന്‍ ബാര്‍ജില്‍ 24 കിലോമീറ്റര്‍ അകലെ കപ്പല്‍ശാലയുടെ തന്നെ ഡമ്പിംഗ് യാര്‍ഡില്‍ തള്ളും. പദ്ധതി ഒരുതരത്തിലും ജനങ്ങളെ ബാധിക്കാത്ത രീതിയിലാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. ശബ്ദ, പൊടി, ചെളി മലിനീകരണങ്ങള്‍ക്കെല്ലാം പരിധി ഉണ്ടായിരിക്കും. തൊഴിലാളികളെ നഗരത്തിനു പുറത്തായിരിക്കും താമസിപ്പിക്കുക. അവശിഷ്ടങ്ങള്‍ ഒരു കാരണവശാലും റോഡിലൂടെ നീക്കം ചെയ്യില്ല.
വലിയ ടിപ്പറുകളോ വാഹനങ്ങളോ ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ സര്‍വീസ് നടത്തില്ല. പൈലിംഗിനു സാധാരണ രീതിയെ അപേക്ഷിച്ച് വിദേശ ഹൈഡ്രോളിക് സംവിധാനമായിരിക്കും ഉപയോഗിക്കുക. ചെളിവെള്ളം കനാലില്‍ ചേരാതിരിക്കാന്‍ നിര്‍മാണസ്ഥലത്ത് കോഫര്‍ ഡാം പണിയും. നിര്‍മാണ പ്രവര്‍ത്തനം തികച്ചും ജനസൗഹൃദവും പരിസ്ഥിതി യോജ്യവും ആയിരിക്കും. ഡ്രൈഡോക്ക് പൂര്‍ത്തിയാകുമ്പോള്‍ രണ്ടായിരം പേര്‍ക്കു തൊഴില്‍ ലഭിക്കും. നിര്‍മാണ തൊഴിലാളികള്‍ക്കു വേണ്ടി ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും കപ്പല്‍ശാലയ്ക്കുള്ളില്‍ തയാറാക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ കപ്പല്‍നിര്‍മാണ രംഗത്ത് ഇന്ത്യ വന്‍കുതിച്ചുചാട്ടം നടത്തും.
കൊച്ചി കപ്പല്‍ശാല കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ സാമൂഹിക ഉത്തരവാദിത്വമെന്ന നിലയില്‍ 25 കോടി രൂപ നീക്കിവച്ചിരുന്നു. ഇതില്‍ 24 കോടി രൂപയും ചെലവഴിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."