കുണ്ടറ പീഡനം: കോണ്‍ഗ്രസ് പൊലിസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയുടെ ദുരൂഹമരണത്തിലെ അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് ഇന്നലെ പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് നടത്തിയ പൊലിസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം. കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും പൊലിസുകാര്‍ക്കും വനിതകള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ഇന്നു വൈകിട്ടായിരുന്നു സംഭവം. പ്രതിഷേധമാര്‍ച്ച് പൊലിസ് സ്റ്റേഷനു സമീപം പൊലിസ് തടഞ്ഞതിനിടെയാണ് കല്ലേറുണ്ടായത്. ഇതിനുശേഷം കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് സമാപിച്ചതിനുശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും കല്ലെറിഞ്ഞതായി പറയുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിലാണ് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റത്. എട്ടോളം പൊലിസുകാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കുണ്ടറ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."