ചക്ക മഹോത്സവത്തിന് തുടക്കമായി
കോഴിക്കോട്: കാലിക്കറ്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കമഹാത്മ്യവുമായി ചക്കമഹോത്സവത്തിനു തുടക്കം.
കോഴിക്കോട് ഗാന്ധിപാര്‍ക്കിലാണ് ചക്കയെ അടുത്തറിയാനുള്ള മേള ഒരുക്കിയത്. മേള ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. വിവിധതരം ചക്കയും ചക്കയുടെ ഉല്‍പന്നങ്ങളും പ്ലാവിന്‍തൈകളും വിപണിയിലുണ്ട്.
സിംഗപ്പൂര്‍ ചക്ക, പഴംചക്ക, കാട്ടുചക്ക, കാരാളി മുണ്ടന്‍ചക്ക തുടങ്ങിയ ഇനങ്ങള്‍ മേളയിലെ ആകര്‍ഷണമാണ്. ചുരുളി ആദിവാസി വനംസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ആദിവാസി വിഭവങ്ങളും മേളയിലുണ്ട്.
കോഴിക്കോടന്‍ ചക്കരുചിയുമായി ചക്ക മക്രോണി, ചക്ക ഉപ്പേരി, പായസം എന്നിവയും വിവിധ സ്റ്റാളുകളിലായി ചക്ക ഐസ്‌ക്രീം, ചക്കക്കുരു പൊടി, ജാം, ചക്കയുടെ വിവിധ അച്ചാറുകള്‍, സാന്റ്‌വിച്ച്, മിക്ചര്‍, നുറുക്ക്, അവിലോസുണ്ട തുടങ്ങിയവും ചക്കമുറിക്കുന്ന യന്ത്രവും മേളയിലുണ്ട്. ലൈവായി ചക്കപൊരിയും ആദിവാസി സ്റ്റാളില്‍ ലഭ്യമാണ്. 500 ഗ്രാം ചക്കപ്പൊടി കൊണ്ടുള്ള പുട്ടുപൊടിക്ക് വില 60 രൂപയാണ്. 200 ഗ്രാം പച്ച ചക്കപ്പൊടിക്ക് വില 65 രൂപയാണ്.
പച്ച ചക്കയ്ക്ക് കിലോക്ക് 25 രൂപയാണ് വില.
പഴുത്ത ചക്കയുടെ കുരുവില്ലാത്ത ചുളകള്‍ അടങ്ങിയ പായ്ക്കറ്റിന് 100 രൂപയാണ്. ചെറിയ പായ്ക്കറ്റ് 50 രൂപയ്ക്ക് ലഭിക്കും. ചടങ്ങില്‍ പി.വി ഗംഗാധരന്‍, അഡ്വ. എം. രാജന്‍, എം. അരവിന്ദന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."