റേഷന്‍ വാതില്‍പ്പടി വിതരണം; തടസങ്ങള്‍ നീങ്ങി
കൊല്ലം: റേഷന്‍ വാതില്‍പ്പടി വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയുടെ കൊല്ലം മെയിന്‍ ഡിപ്പോയിലുണ്ടായ അനിശ്ചിതത്വം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹരിച്ചു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇന്നലെ റേഷന്‍ വിതരണം തുടങ്ങി.
ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമാണ് റേഷന്‍സാധനങ്ങളുടെ വാതില്‍പടി വിതരണം ആരംഭിക്കാന്‍ തീരുമാനിച്ചത്. റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും ചില്ലറ വില്‍പ്പന കേന്ദ്രത്തില്‍ എത്തിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. കൊല്ലത്ത് ഉദ്ഘാടനം ചെയ്ത സംവിധാനം ക്രമേണ സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
കൊല്ലം താലൂക്കിലെ മങ്ങാട്, പരവൂര്‍ ഗോഡൗണുകളില്‍ തൊഴിലാളികള്‍ റേഷന്‍ സാധനങ്ങള്‍ തൂക്കി വാഹനത്തില്‍ കയറ്റി നല്‍കിയിരുന്നു. എന്നാല്‍ സപ്ലൈക്കോ കൊല്ലം ഗോഡൗണിലെ ചുമട്ടുതൊഴിലാളികള്‍ നിസഹകരിച്ചതിനെത്തുടര്‍ന്ന് വാതില്‍പ്പടി വിതരണത്തിന് തടസം നേരിടുകയായിരുന്നു. റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കാനാവില്ലെന്നും ചാക്കുകള്‍ നേരിട്ട് വാഹനങ്ങളില്‍ കയറ്റുകമാത്രമേ ഉള്ളൂ എന്ന നിലപാടിലായിരുന്നു തൊഴിലാളികള്‍. ഇതിനെത്തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്.
ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എസ് സിന്ധു, ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജി കെ. ജോണ്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ രാജീവന്‍, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ കെ.സി സത്യകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ എല്ലാ താലൂക്കുകളിലും റേഷന്‍ വിതരണം തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."