ഹരിതകേരളം:ജില്ലയില്‍ ഒരു കോടി തൈകള്‍ നട്ടുപിടിപ്പിക്കും
തിരുവനന്തപുരം:ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും.മഴവെള്ളം സംഭരിക്കുന്നതിനും ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിനുമുള്ള കര്‍മപദ്ധതികളും നടപ്പാക്കും. ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹരിതകേരളം പദ്ധതി അവലോകനയോഗത്തില്‍ കലക്ടര്‍ എസ്. വെങ്കടേസപതി ഇതു സംബന്ധിച്ച മാര്‍ഗരേഖ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
സ്‌കൂള്‍ അധികൃതരും പഞ്ചായത്തുകളും നിശ്ചയിച്ചുനല്‍കുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പിന്റെ ഭാഗമായി വൃക്ഷത്തൈ നഴ്‌സറികള്‍ ഒരുക്കും. അടിയന്തരമായി സ്ഥലങ്ങള്‍ കണ്ടെത്തി നഴ്‌സറികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഈ ആശയത്തിന് തൊഴിലുറപ്പ്, കൃഷി, സോഷ്യല്‍ ഫോറസ്ട്രി, വിദ്യാഭ്യാസ മേഖലകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിലും പരിസരത്തെ വീടുകളിലും റോഡരികുകളിലും വെച്ചുപിടിപ്പിക്കുന്നതിന് അഞ്ച് ലക്ഷം വൃക്ഷത്തൈകള്‍ ജില്ലയിലെ മൂന്ന് നഴ്‌സറികളിലായി സോഷ്യല്‍ ഫോറസ്ട്രിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നുണ്ട്. മെയ് അവസാന വാരം വിദ്യാലയങ്ങളിലേക്ക് ഇവ വിതരണത്തിനെത്തും.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. എല്ലാ സ്‌കൂളുകളിലും മഴക്കുഴികളും സാധ്യമാകുന്നിടത്തൊക്കെ മഴവെള്ളം കൊണ്ട് കിണര്‍ റീചാര്‍ജിങും നടത്തും. ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളില്‍ ഇവയുടെ വിജയത്തിന് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കും.
മഴക്കുഴി നിര്‍മാണത്തിനു പുറമെ ജൈവ മാലിന്യസംസ്‌കരണത്തിനും ജൈവ പച്ചക്കറി കൃഷിക്കും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണം ലഭ്യമാക്കും. ജല സംഭരണത്തിന് ജലനിധി പിന്തുണ നല്‍കും.
ജില്ലയില്‍ 27 എല്‍.പി, യു.പി സ്‌കൂളുകളിലായി ജൈവ വൈവിധ്യ പാര്‍ക്കുകള്‍ ആരംഭിക്കും. ഇതിനായി കുട്ടികളുടെ ഹരിതസേന രൂപവല്‍ക്കരിക്കും. കൂടുതല്‍ സ്‌കൂളുകളില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സഹായം ലഭ്യമാക്കും.
ജില്ലയില്‍ കലക്ടറേറ്റ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിക്കണമെന്നും ജലഅതോറിറ്റിയുടെ ജലസംഭരണ മേഖലകളില്‍ മഴത്താവളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ ആരായണമെന്നും കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ്. ബിജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മിനി കെ. രാജന്‍, ജെ.പി.സി പ്രേമാനന്ദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍മോന്‍, പ്രോജക്ട് ഡയറക്ടര്‍ (പി.എ.യു) അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."