മരണക്കയമാവുന്ന പതങ്കയം
തിരുവമ്പാടി: പതങ്കയം വീണ്ടും മരണക്കയമായി. കോഴിക്കോട് പാലാഴി സ്വദേശി സിദ്ദീഖാണ് ഇന്നലെ പതങ്കയത്തെ ചതിക്കുഴിയില്‍പെട്ട് മൃതിയടഞ്ഞത്. കഴിഞ്ഞമാസം പെരുമുഖം സ്വദേശി ഉവൈസ് അപകടത്തില്‍പെട്ട് മരിച്ചിരുന്നു. പുഴയെക്കുറിച്ചും നീരൊഴുക്കിനെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തവരാണ് അപകടത്തില്പെടുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയവും അരിപ്പാറയും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ദിവസവും ഇവിടേക്ക് നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ പുഴയുടെ തീരത്തിരുന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ചും പുഴയില്‍ നീന്തിക്കുളിച്ചും മടങ്ങുന്നു.
പതങ്കയത്ത് കാര്യമായ കാഴ്ചകളില്ലെങ്കിലും താഴെ അരിപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവരില്‍ അധികവും പതങ്കയവും സന്ദര്‍ശിക്കുന്നുണ്ട്.
പത്തടിയോളം ഉയരമുള്ള പാറയില്‍നിന്ന് താഴെ പുഴയിലേക്ക് ചാടിക്കുളിക്കുന്നത് മാത്രമാണ് ഇവിടുത്തെ ആസ്വാദ്യം. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയിലെ അടിയൊഴുക്കും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലും വഴുപ്പുള്ള പാറകളും അപരിചിതരായ സന്ദര്ശകര്ക്കറിയില്ല.
നീന്തല്‍ വശമില്ലാത്തതും അപകടത്തിനു വഴിയൊരുക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതിനാല്‍ സുരക്ഷാ ബോര്‍ഡോ ഗൈഡോ ഇവിടെയില്ല. അതേസമയം അപകടക്കുഴിയിലേക്കുള്ള വഴിയില്‍ നാട്ടുകാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വേണ്ടത്ര ഫലം ചെയ്തില്ല. അരിപ്പാറയില്‍ വെള്ളച്ചാട്ടവും കുളിയും കഴിഞ്ഞ് മദ്യപിക്കാന്‍ പതങ്കയത്തെത്തുന്നവരും കുറവല്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാത്രി വൈകിയും പുഴയില്‍ നിന്ന് ബഹളമുണ്ടാകാറുണ്ടെന്നും പല പ്രാവശ്യം ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
പതങ്കയം അന്വേഷിച്ചെത്തുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഗൂഗിള്‍ മാപ്പ് നോക്കിയാണ് വരുന്നതെന്നും ഇവര്‍ പറയുന്നു. അപകടം പതിയിരിക്കുന്ന പുഴയിലേക്ക് രാത്രിയുള്പ്പെടെയുള്ള സന്ദര്‍ശനം അധികൃതര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം ആനക്കാംപൊയിലില്‍ നിന്ന് വീതികുറഞ്ഞ റോഡായതിനാല്‍ ഫയര്‍ഫോഴ്സിന്റെ വാഹനങ്ങള്‍ക്കുപോലും പതങ്കയത്തെത്താന് കഴിയാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."