സുന്ദരിയാകാന്‍ കനോലി കനാല്‍; കച്ചമുറുക്കി ജില്ലാ ഭരണകൂടം
കോഴിക്കോട്: ടൂറിസം ഭൂപടത്തില്‍ ജില്ലക്ക് മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ കനോലി കനാലിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ജില്ലാ ഭരണകൂടം കച്ചമുറുക്കുന്നു. ഇന്നലെ കോഴിക്കോട് ടൗണ്‍ഹാളില്‍ കനോലി കനാല്‍ -കല്ലായിപ്പുഴ നവീകരണവുമായി ബന്ധപ്പെട്ട് രൂപരേഖ പ്രദര്‍ശിപ്പിച്ചിരുന്നു. കനാലിന്റെ എരഞ്ഞിക്കല്‍ മുതല്‍ കല്ലായിപ്പുഴ വരെയുള്ള ഭാഗങ്ങളുടെ മുഖച്ഛായ മാറ്റുന്ന തരത്തില്‍ പൊതുജനങ്ങളില്‍ നിന്നു ഇതിനായി നിര്‍ദേശങ്ങള്‍ സ്വീകരിച്ചു.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമായി 40ലധികം നിര്‍ദേശങ്ങളാണ് ലഭിച്ചത്. നിര്‍ദേശങ്ങള്‍ പരിശോധിച്ച് അന്തിമ രൂപരേഖ തയാറാക്കി നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കുന്ന മുറക്ക് പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനായി സര്‍ക്കാരിന് സമര്‍പ്പിക്കും. കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് ഡിപ്പാര്‍ട്ടമെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ക്കിടെക്ച്ചര്‍, കക്കോടി എം.ഇ.എസ് കോളജ് ഒഫ് ആര്‍ക്കിടെക്ച്ചര്‍, കെ.എം.സി.ടി കോളജ് എന്നിവ ചേര്‍ന്നാണ് പദ്ധതി തയാറാക്കുന്നത്.
കല്ലായിപ്പുഴയ്ക്കും കനോലി കനാലിനും ഇടയിലുള്ള പ്രധാന പ്രദേശങ്ങളെല്ലാം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാനും രൂപരേഖയില്‍ നിര്‍ദേശങ്ങളുണ്ട്. ഇതോടൊപ്പം വെങ്ങാലിയിലെ ഈര്‍ച്ചമില്ല് നില്‍ക്കുന്ന സ്ഥലം ആധുനികവല്‍ക്കരിക്കുകയും പൊളിഞ്ഞു കിടക്കുന്ന പഴയ മരമാര്‍ക്കറ്റ് നവീകരിക്കുകയും ചെയ്യും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ ടൗണ്‍ഹാളിലെത്തി രൂപരേഖ പരിശോധിച്ചു.
കെ.എം.സി.ടി കോളജ് ഒഫ് ആര്‍ക്കിടെക്ച്ചറിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ കനോലി കനാല്‍ മുതല്‍ കല്ലായിപ്പുഴ വരെയുള്ള ഭാഗത്തെ നവീകരണത്തിനായുള്ള ആര്‍ക്കിടെക്ച്ചറല്‍ മാപ്പും ടൗണ്‍ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ഭാഗങ്ങളെ എട്ട് ഏരിയകളായി തിരിച്ചാണ് നവീകരിക്കാന്‍ പദ്ധതി തയാറാക്കുന്നത്.
അഴീക്കല്‍, വട്ടാപൊയില്‍, പള്ളിക്കണ്ടി, മൂരിയാട്, പുതിയപാലം, അരയിടത്തുപാലം, സരോവരം, കൈപുറത്ത്പാലം, എരഞ്ഞിക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് നവീകരണം നടക്കുക. കനാലിന്റെ വീതികുറഞ്ഞ കുണ്ടുപറമ്പ് കാരപറമ്പ് ഭാഗങ്ങളിലൂടെ ജലഗതാഗതത്തിനു സൗകര്യമൊരുക്കുമ്പോള്‍ നിരവധി വീടുകളെയും സ്ഥാപനങ്ങളെയും അത് ബാധിക്കുമെന്ന് പ്രൊജക്ട് ചൂണ്ടിക്കാട്ടുന്നു. അഴീക്കല്‍ ഭാഗത്ത് തുറമുഖം വേണമെന്നും പദ്ധതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."