മെഡി.കോളജ് മോര്‍ച്ചറിയിലെ ചേംബര്‍ പ്രവര്‍ത്തന സജ്ജം
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെ കേടായ ചേംബറിന്റെ ഒരു യൂനിറ്റ് പ്രവര്‍ത്തന സജ്ജമായതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. രണ്ടാമത്തെ യൂനിറ്റിന്റെ കേടുപാടുകള്‍ ഇന്ന് പരിഹരിക്കും.
24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് ഫ്രീസറാണ് ഈ ചേംബറില്‍ ഉപയോഗിക്കുന്നത്. ഒന്ന് കേടായാലും മറ്റൊന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഒരു ചേംബറില്‍ രണ്ട് യൂനിറ്റുകള്‍ ഉപയോഗിക്കുന്നത്. ഇവ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും മൃതദേഹങ്ങള്‍ സൂക്ഷിക്കുക.
മോര്‍ച്ചറിയില്‍ എ, ബി, സി എന്നിങ്ങനെ മൂന്നു ചേംബറുകളാണുള്ളത്. ഒരു ചേംബറില്‍ 6 എന്ന കണക്കില്‍ മൂന്ന് ചേംബറുകളിലുംകൂടി 18 മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകും. ഇതില്‍ ബി ചേംബറിനാണ് കേടുപാടുണ്ടായത്. ബി ചേംബറിലെ ഫ്രീസര്‍ രണ്ടുമാസം പ്രവര്‍ത്തിക്കാതെ കിടന്നുവെന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള പുതിയ മോര്‍ച്ചറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. എത്രയും വേഗം ഇത് പ്രവര്‍ത്തന സജ്ജമാകും. പുതുതായി പണി കഴിപ്പിച്ച മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ തറനിരപ്പിന് താഴെയാണ് (ജി1) മോര്‍ച്ചറി സംവിധാനം സജ്ജമാക്കുന്നത്.
60 മൃതശരീരങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം ഇവിടെയുണ്ടാകും. ഒരേ സമയം മൂന്നു പോസ്റ്റുമോര്‍ട്ടങ്ങള്‍ ചെയ്യുന്നതിനു സൗകര്യമുണ്ടാകും. അഴുകിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം പോസ്റ്റുമോര്‍ട്ടം റൂമില്‍ തങ്ങിനില്ക്കാത്ത വിധത്തിലുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."