വടക്കാഞ്ചേരിയില്‍ ആറു കോളനികള്‍ക്ക് ആറു കോടിയുടെ പദ്ധതി: അനില്‍ അക്കര
വടക്കാഞ്ചേരി: നിയോജകമണ്ഡലത്തിലെ അവണൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ പാപ്പാനഗര്‍ കോളനിയിലും കവറ കോളനിയിലും അംബേദ്കര്‍ ഗ്രാമ വികസന പരിപാടിയനുസരിച്ചു നടപ്പിലാക്കുന്ന രണ്ടു കോടി രൂപയുടെ വികസന പദ്ധതിക്കു ഭരണാനുമതി ലഭിച്ചതടക്കം മണ്ഡലത്തിലെ ആറു കോളനികള്‍ക്കായി ആറു കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കു അനുമതി ലഭിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
ഈ രണ്ടു കോളനികളിലെയും വീടുകള്‍ പൂര്‍ണ്ണമായും അറ്റകുറ്റ പണികള്‍ നടത്തുകയും മുഴുവന്‍ വീടുകളിലെയും വിളക്കുകള്‍ സോളാര്‍ സംവിധാനത്തിനു കീഴില്‍ കൊണ്ടുവരുന്നതടക്കം അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കുന്നതിനാണു ഓരോ കോളനിക്കും ഓരോ കോടി രൂപ വീതം ആകെ രണ്ടു കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമേ തെക്കുംകര ഗ്രാമപഞ്ചായത്തിലെ വെടിപ്പാറ കോളനിയിലും വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് വേട്ടാംകോട് കോളനിയിലും അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്കായി ഒരു കോടി രൂപ വീതം അനുവദിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തൃശൂര്‍ ജില്ലാ നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭയിലെ റെയില്‍വേ സ്റ്റേഷന്‍ കോളനി, അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനി എന്നിവിടങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു അനുവദിച്ച സ്വയം പര്യാപ്ത ഗ്രാമം എന്ന പദ്ധതി അംബേദ്കര്‍ ഗ്രാമവികസന പരിപാടിയുടെ മാതൃകയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഈ രണ്ടു കോളനികളുടെയും പ്രവൃത്തികളുടെ നിര്‍മാണ ചുമതല സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എഫ്.ഐ.ടി യ്ക്കാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്കു ആഗസ്ത് മാസത്തോടു കൂടി രണ്ടു കോളനികളിലും വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സംസ്ഥാനത്തു അംബേദ്കര്‍ ഗ്രാമവികസന പരിപാടി അനുസരിച്ചു ആറു പട്ടികജാതി കോളനികളിലായി ആറു കോടി രൂപ അനുവദിച്ച ഏക നിയോജകമണ്ഡലമാണു വടക്കാഞ്ചേരി. പട്ടികജാതി വികസന വകുപ്പുമന്ത്രി എ.കെ ബാലന്റെ പ്രത്യേക അനുമതി പ്രകാരമാണു ഈ ആറു കോളനികള്‍ക്കും അനുമതി ലഭിച്ചതെന്നു എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."