സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം
ചേര്‍ത്തല: വാരണം തണ്ണീര്‍മുക്കം പഞ്ചായത്ത് ഗവ. എല്‍ പി സ്‌കൂളിന്റെ ഒരാണ്ട് നീളുന്ന സുവര്‍ണജൂബിലി ആഘോഷം ശനിയാഴ്ച ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 49-ാം വാര്‍ഷികനാളില്‍ വൈകിട്ട് അഞ്ചിന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ആഘോഷത്തിന് തിരിതെളിക്കും. എ എം ആരിഫ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം സിന്ധു വിനു ലോഗോ പ്രകാശനം ചെയ്യും. എഇഒ എം വി സുഭാഷ് എന്‍ഡോവ്‌മെന്റ് വിതരണവും പഞ്ചായത്തംഗം കെ ആര്‍ സുരേഷ് സമ്മാനദാനവും നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ ജെ സെബാസ്റ്റിയന്‍ അധ്യക്ഷനാകും. രാവിലെ 10ന് പഞ്ചായത്ത് സെക്രട്ടറി ബാലോത്സവം ഉദ്ഘാടനം ചെയ്യും. 1968 ല്‍ സ്ഥാപിതമായ സ്‌കൂള്‍ തണ്ണീര്‍മുക്കം, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളിലെ ആയിരങ്ങള്‍ക്ക് അറിവിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നതാണ്. അന്നത്തെ തണ്ണീര്‍മുക്കം പഞ്ചായത്ത് സമിതിയാണ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത്. കലാന്തരത്തില്‍ സ്‌കൂളിന്റെ ശേഷിയില്‍ കാര്യമായ ഇടിവ് സംഭവിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയാണ് ഇതിന് കാരണമായത്. കാലത്തിനൊത്ത നിലവാരത്തിലേക്ക് ഈ സര്‍ക്കാര്‍ വിദ്യാലയത്തെ എത്തിക്കുകയും നഷ്ടപ്രതാപം വീണ്ടെടുക്കലുമാണ് ജൂബിലി ആഘോഷം പ്രധാനമായും ലക്ഷ്യമാക്കുന്നത്. പൊതുജന പങ്കാളിത്തത്തോടെ അതിനുള്ള കര്‍മപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. വാര്‍ത്താസമ്മേളനത്തില്‍ എസ്എംസി ചെയര്‍മാന്‍ പി എസ് അന്‍സാര്‍, പ്രഥമാധ്യാപകന്‍ എസ് അജയഘോഷ്, എസ് സുമേഷ്, എ എം സ്‌നേഹലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."