കര്‍ണാടക തെരഞ്ഞെടുപ്പ്: മൂന്നു മണിവരെ 64 ശതമാനം പോളിങ്
ബംഗളൂരു: കര്‍ണാടക 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. ഉച്ചയ്ക്ക് മൂന്നു മണി വരെ 64 ശതമാനം പോളിങ് രേഖപ്പെടുത്തി.
മുഖ്യമന്ത്രി കെ സിദ്ധരാമയ്യ, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ തുടങ്ങി പ്രമുഖരെല്ലാം ഉച്ചയ്ക്കു മുന്‍പു തന്നെ വോട്ടുചെയ്തു.
ഹബ്ബാല മണ്ഡലത്തില്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി എം.എല്‍.എ നാരായണസ്വാമിക്ക് വോട്ടു ചെയ്തില്ലെന്ന കാരണത്താലാണ് ഭീഷണി.
ചില മണ്ഡലങ്ങളില്‍ വി.വിപാറ്റ് മെഷീനിലും ചില മണ്ഡലങ്ങളില്‍ വോട്ടിങ് മെഷീനിലും കേടുപാടുകള്‍ കണ്ടെത്തി. ഇതു മാറ്റിസ്ഥാപിച്ച് വോട്ടെടുപ്പ് തുടങ്ങിയിട്ടുണ്ട്. ബംഗളൂരുവിലെ ചാമരാജ്‌പേട്ടെ, ശിവാജിനഗര, ഹൂബ്ലിയിലെ ലാമിങ്ടണ്‍ ബൂത്തുകളിലാണ് മെഷീനില്‍ പ്രശ്‌നം നേരിട്ടത്. രാത്രിയിലെ കനത്ത മഴ കാരണം വൈദ്യുതി മുടങ്ങിയതും വോട്ടെടുപ്പിന് തടസ്സമായി.
കര്‍ണാടകയില്‍ ഇന്ന് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
പശുവിനെ പൂജിച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി ബി ശ്രീരാമലു വോട്ടു ചെയ്യാനെത്തിയത്.
5.12 കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. 15ന് വോട്ടെണ്ണും. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിന്റെ പിന്‍ബലത്തില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തിലെത്തുമോ അതല്ല ബി.ജെ.പി ജയിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 224 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
ഇതില്‍ രണ്ടെണ്ണത്തിലൊഴികെ മറ്റെല്ലായിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി മരിച്ചതിനെതുടര്‍ന്ന് ബംഗളൂരു ജയനഗറിലും വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചതിനെതുടര്‍ന്ന് ആര്‍.ആര്‍ നഗറിലും ഇന്ന് വോട്ടെടുപ്പുണ്ടാവില്ല. 2655 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."