വാക്കുകള്‍ കോര്‍ത്ത് അക്ഷര മരം: വായനാ വാരാചരണ പരിപാടി ശ്രദ്ധേയമായി
തൊടുപുഴ: വായന വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സിവില്‍ സ്‌റ്റേഷനില്‍ സംഘടിപ്പിച്ച അക്ഷര മരം ചിരിയും ചിന്തയും ഉണര്‍ത്തുന്ന വാക്കുകളുടെ പ്രദര്‍ശനത്തിലൂടെ ഏറെ ശ്രദ്ധേയമായി.
ജീവനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വാക്ക് ഏതാണ്, ആ വാക്കാണോ സംസാരത്തില്‍ കൂടുതലായി ഉപയോഗിക്കുന്നത് തുടങ്ങിയവ കണ്ടുപിടിക്കാനുള്ള പരിപാടിയായിരുന്നു അക്ഷര മരം.
കലക്ടറുടെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷനിലെ ജീവനക്കാരും ഉദ്യോഗസ്ഥരും കലക്ടറേറ്റ് അങ്കണത്തില്‍ ഒത്തുകൂടിയാണ് ഓരോരുത്തര്‍ക്കും ഏറ്റവും പ്രിയപ്പെട്ട വാക്ക് എഴുതിയത്. ഈ വാക്കുകള്‍ പ്രത്യേകം തയ്യാറാക്കിയ അക്ഷരമരത്തില്‍ ആലേഖനം ചെയ്തപ്പോള്‍ അത് ജീവനക്കാരുടെ ചിന്തയുടെ നേര്‍ പ്രതിഫലനമായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട യു എന്ന ഇംഗ്ലീഷ് വാക്ക് എഴുതിക്കൊണ്ടും ആ വാക്കിന്റെ പ്രസക്തിയെക്കുറിച്ച് വിവരിച്ചുകൊണ്ടും ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അക്ഷര മരം പരിപാടി ഉദ്ഘാടനം ചെയ്തു.
ഔദ്യോഗക കൃത്യനിര്‍വഹണത്തിനിടയില്‍ മുന്നിലെത്തുന്ന ഓരോരുത്തരുമാണ് ജീവനക്കാരുടെ ഏറ്റവും പ്രിയപ്പെട്ടവരെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. അവരോട് സംസാരിക്കുമ്പോള്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കുകള്‍ ഉപയോഗിക്കാന്‍ കലക്ടര്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് വിവിധ വകുപ്പ് മേധാവികള്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാക്ക് എഴുതി ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സഹപ്രവര്‍ത്തകരുടെ കയ്യടി ഉയര്‍ന്നു. സബ് കലക്ടര്‍ എന്‍. റ്റി. എല്‍ റെഡി, എ. ഡി. എം കെ.കെ ആര്‍ പ്രസാദ്, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍. രാജചന്ദ്രന്‍, രാംദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍. പി സന്തോഷ്, അസിസ്റ്റന്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. കെ ജയകുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
തുടര്‍ന്ന് ജീവനക്കാര്‍ക്കായി ഫോട്ടോ അടിക്കുറിപ്പ് മല്‍സരവും സംഘടിപ്പിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെ ജില്ലയില്‍ നടത്തിവന്ന പി. എന്‍. പണിക്കര്‍ അനുസ്മരണ വായനാവാരാചണ പരിപാടികള്‍ക്ക് ഇന്ന് സമാപനം കുറിക്കും. പൈനാവ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ രാവിലെ 9.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല വായനാദിന ക്വിസ് മല്‍സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ കാഷ് അവാര്‍ഡും പുസ്തകവും സര്‍ട്ടിഫിക്കറ്റും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."