തട്ടിപ്പുകേസ്: ഒരാള്‍ക്ക് ജാമ്യം
കട്ടപ്പന: വ്യാപാരികളെ കബളിപ്പിച്ച് കോടിക്കണക്കിനു രൂപ അപഹരിച്ച കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത ഒന്നാംപ്രതിക്കു കോടതി ജാമ്യം അനുവദിച്ചു. ഇരട്ടയാര്‍ നോര്‍ത്ത് കൂടയ്ക്കല്‍ രാജേഷിനാണു ജാമ്യം അനുവദിച്ചത്. രണ്ടാംപ്രതി ഇരട്ടയാര്‍ മടുക്കോലില്‍ ജിംസി ടോണിയെ റിമാന്‍ഡുചെയ്തു.
കട്ടപ്പനയില്‍ മലഞ്ചരക്കു വ്യാപാരിയായിരുന്ന രാജേഷിനെ കൂടുതല്‍ വില ലഭിക്കുമെന്നു പ്രലോഭിപ്പിച്ച് ജിംസി കര്‍ഷകരില്‍നിന്നും ഏലക്കായും കുരുമുളകും വാങ്ങിപ്പിക്കുകയും ഇത് ജിംസി അപഹരിച്ചു കൊണ്ടുപോവുകയായിരുന്നെന്നും പറയുന്നു. കര്‍ഷകര്‍ക്ക് രാജേഷ് നല്‍കാനുണ്ടായിരുന്ന പണം കൊടുത്തുതീര്‍ത്തതാണെന്ന് രാജേഷ് പറയുന്നു.
ഇരട്ടയാര്‍ നോര്‍ത്ത് പറമ്പള്ളിക്കുന്നേല്‍ ബാബു 1721956 രൂപ ലഭിക്കാനുണ്ടെന്നുകാട്ടി രാജേഷിനെതിരേ പൊലിസില്‍ പരാതി നല്‍കിയിരുന്നു. 2014 ഓഗസ്റ്റ് 28-ന് രാജേഷിന്റെ വീട്ടില്‍ ബാബു അതിക്രമിച്ചുകയറി വീട്ടുകാരെ ഉപദ്രവിച്ചതായും കേസുണ്ട്. പണം നല്‍കാനുണ്ടെന്നുകാട്ടി രാജേഷിനെതിരേ ബാബു നല്‍കിയ പരാതിയില്‍ രാജേഷ് ജില്ലാകോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യം വാങ്ങിയിരുന്നു.
ബാബു ഇതേ പരാതിതന്നെ വീണ്ടും നല്‍കി രാജേഷിനെതിരേ കട്ടപ്പന പൊലിസിനെകൊണ്ട് വീണ്ടും എഫ്.ഐ.ആര്‍ തയാറാക്കിക്കുകയും അറസ്റ്റുചെയ്യിപ്പിക്കുകയുമായിരുന്നു.
ഒരു കുറ്റകൃത്യത്തിന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ കോടതിയുടെ ജാമ്യത്തില്‍ കഴിയുന്ന വ്യക്തിയെ നിയമവിരുദ്ധമായി അറസ്റ്റുചെയ്തു തടങ്കലില്‍വച്ചത് ഭരണഘടനയുടെ 20-ാം വകുപ്പിന്റെ ലംഘനവും ക്രിമിനല്‍ നടപടിയുടെ ലംഘനവുമാണെന്ന് കാണിച്ച് പരാതിക്കാരന്‍ ബാബുവിനും കട്ടപ്പന പൊലിസ് ഇന്‍സ്‌പെക്ടര്‍ക്കുമെതിരേ പത്തുലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് അഡ്വ. ജോമോന്‍ ചാക്കോ മുഖാന്തിരം രാജേഷ് നോട്ടീസ് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."