എ.ടി.എം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ചയാള്‍ പിടിയില്‍
ആലുവ: റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ കാജാ ഷോപ്പിങ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ച ഒരാളെ സെക്യൂരിറ്റി ഓടിച്ചിട്ട് പിടികൂടി പൊലിസിന് കൈമാറി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടാളികള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇവര്‍ പിന്നീട് പൊലിസ് പിടിയിലായതായാണ് സൂചന.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഹബീബ് റഹ്മാന്‍ (24) ആണ് പിടിയിലായത്. കമ്പിപ്പാര, സ്‌ക്രൂ ഡ്രൈവര്‍, ഹാക്‌സോബ്ലൈഡ് എന്നിവ ഇയാളില്‍ നിന്നും കണ്ടെടുത്തു. ചൊവ്വാഴ്ച്ച രാത്രി 12.30ഓടെയാണ് സംഭവം. എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന ഇതേ ബില്‍ഡിങില്‍ തന്നെയാണ് ബാങ്കിന്റെ ബ്രാഞ്ച് ഓഫീസും പ്രവര്‍ത്തിക്കുന്നത്. എ.ടി.എം കൗണ്ടറിന് മുമ്പില്‍ സംശയാസ്പാദമായി മൂന്ന് പേര്‍ നില്‍ക്കുന്നത് ബാങ്കിന് സമീപമുണ്ടായിരുന്ന സെക്യൂരിറ്റിക്കാര്‍ കണ്ടിരുന്നു.
അല്‍പസമയം കഴിഞ്ഞപ്പോള്‍ ഇതില്‍ ഒരാളെ കാണാതയായി. സംശയം തോന്നി സെക്യൂരിറ്റിക്കാര്‍ എ.ടി.എം കൗണ്ടറിന് സമീപത്തേക്ക് എത്തിയപ്പോള്‍ കൗണ്ടറിന് അകത്തുണ്ടായിരുന്നയാള്‍ക്ക് രക്ഷപ്പെടാന്‍ സൂചന നല്‍കി പുറത്തു നിന്നവര്‍ ഓടി രക്ഷപ്പെട്ടു. അകത്തായിരുന്ന ഹബീബ് റഹ്മാന്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിക്കാര്‍ പിന്തുടര്‍ന്ന് കെ.എ.പി സെന്ററിന് മുമ്പില്‍ വെച്ച് പിടികൂടുകയായിരുന്നു.
വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും കൂട്ടാളി ഉണ്ടായിരുന്നില്ലെന്നുമാണ് പിടിയിലായ പ്രതി പറയുന്നത്. പ്രതികള്‍ക്ക് ആലുവയില്‍ നടന്നിട്ടുള്ള മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലിസ് അന്വേഷിച്ച് വരികയാണ്. മൂന്ന് ലക്ഷം രൂപയുടെ അത്യാവശ്യമുണ്ടായതിനാലാണ് മോഷണ പദ്ധതി തയ്യാറാക്കിയതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."