പദ്ധതി വിഹിതം നടപ്പാക്കുന്നതില്‍ നഗരസഭ അലംഭാവം കാട്ടുന്നെന്ന് വിമത വിഭാഗം കൗണ്‍സിലര്‍മാര്‍
കുന്നംകുളം: ജനകീയാസൂത്രണ പദ്ധതി വിഹിതം നടപ്പാക്കുന്നതില്‍ നഗരസഭ അലംഭാവം കാട്ടുന്നു എന്നാക്ഷേപിച്ച് വിമത വിഭാഗം കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. നടപ്പു വര്‍ഷം അവസാനിക്കാന്‍ ഇനി 15 ദിവസങ്ങള്‍ മാത്രം ശേഷിക്കേ 28 ശതമാനം മാത്രമാണ് കുന്നംകുളത്തിന്റെ പദ്ധതി പ്രവര്‍ത്തനം.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ മുഴുവനായും നടപ്പാക്കാന്‍ ആയില്ലെന്നും, വിദ്യാഭ്യാസ മേഖലയിലും, തൊഴില്‍, സ്വയം തൊഴില്‍ മേഖല, കുടിവെള്ളം, മാലിന്യ സംസ്‌ക്കരണം, ശുചിത്വ പരിപാടികള്‍ തുടങ്ങി പദ്ധതികള്‍ മുഴുവന്‍ കടലാസില്‍ മാത്രമാണെന്നാണ് പൊതു മരാമത്ത് സ്ഥിരംസമതി അധ്യക്ഷന്‍ കൂടിയായ വിമത നേതാവ് ഷാജി ആലിക്കലിന്റെ ആരോപണം.
15 ദിവസങ്ങള്‍ കൊണ്ട് ഇനി ഇത് പൂര്‍ത്തിയാക്കാനാകില്ലെന്നിരിക്കെ ഭരണസമിതി ഇതിന് മറുപടി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. പിന്നീട് ഇവര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. അതേ സമയം മാര്‍ച്ചിനു മുന്‍പ് പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതായി ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു. കുന്നംകുളത്തെ നിര്‍ദിഷ്ട ബസ് സ്റ്റാന്‍ഡ് പ്രാവര്‍ത്തികമാക്കാനായി പദ്ധതി രേഖ തയാറാക്കാന്‍ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി.
ആദ്യഘട്ടത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ബസ് സ്റ്റാന്‍ഡ് പ്രാവര്‍ത്തികമാക്കുകയും, ഷോപ്പിങ് കോപ്ലക്‌സ് ഉള്‍പടേയുള്ളവ രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കാനുമാണ് ധാരണ. മുന്‍പ് പി.പി.പി ബി.ഒ.ടി ആയി 52 കോടിയുടെ പദ്ധതിയായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് നഗരസഭ നേരിട്ട് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ആവശ്യമുള്ള പണം ബാങ്ക് ലോണെടുക്കാനാണ് ധാരണ. കുന്നംകുളത്തിന്റെ സ്വപന പദ്ധതിയായ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ ആദ്യഘട്ടം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുന്നതിനായുള്ള നടപടികള്‍ക്കാണ് നഗരസഭ ലക്ഷ്യമിടുന്നത്. പ്ലാനും എസ്റ്റിമേറ്റും എന്‍ജിനീയറിങ് വിഭാഗംതയാറാക്കി നല്‍കുന്ന മുറക്ക് മറ്റു നടപടികള്‍ ആരംഭിക്കും.
ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പി.എം സുരേഷ്, ബിജു സി. ബേബി, സുമ ഗംഗാധരന്‍, ഗീതാശശി, കെ.കെ മുരളി, കെ.എ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."