അട്ടപ്പാടി കോളജ് കെട്ടിടനിര്‍മാണം പുനരാരംഭിക്കണം: എന്‍ ഷംസുദ്ദീന്
മണ്ണാര്‍ക്കാട്: അട്ടപ്പാടി സര്‍ക്കാര്‍ കോളജിന്റെ മുടങ്ങി കിടക്കുന്ന കെട്ടിട നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതു മൂലമുണ്ടായിട്ടുളള പ്രശ്നങ്ങള്‍ എം.എല്‍.എ സഭയില്‍ വിശദീകരിച്ചു. നിര്‍വഹണ ഏജന്‍സിയായ ഹാബിറ്റാറ്റും, ഉന്നത വിദ്യാഭ്യാസ അധികൃതരും അടിയന്തിരമായി തുടര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഉത്തരവ് നല്‍കണമെന്നും ആവശ്യപ്പെട്ടു. കോളജ് കെട്ടിടം സംബന്ധിച്ചുളള പ്രശ്നങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്നും, ആവശ്യമെങ്കില്‍ യോഗം വിളിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉറപ്പു നല്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 2014-15 ലെ എല്‍.എ.സി - എ.ഡി.എസ് ഫണ്ടില്‍ നിന്നും ഒരുകോടി രൂപയാണ് കെട്ടിട നിര്‍മ്മാണത്തിന് നല്കുവാന് തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം കെട്ടിട നിര്‍മ്മാണം ഏകദേശം മുക്കാല്‍ ഭാഗവും പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ് നല്കിയ ബില്ലുകള്‍ പാസ്സാക്കി നല്‍കുന്നതിലെ കാലതാമസം കാരണം കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."