കാലവര്‍ഷം 25നകം എത്തിയേക്കും; അതുവരെ വേനല്‍മഴ തുടരും
കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ഈമാസം 25 നകം എത്തിയേക്കുമെന്നും അതുവരെ വേനല്‍മഴ തുടരുമെന്നും നിരീക്ഷണം. സംസ്ഥാനത്ത് ഇപ്പോള്‍ തുടരുന്നത് വേനല്‍ മഴയാണെന്നും കാലവര്‍ഷവുമായി ഇതിനു ബന്ധമില്ലെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. കാലവര്‍ഷം എത്തുംവരെ സംസ്ഥാനത്ത് വേനല്‍ മഴ തുടരാനാണ് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈമാസം 25 നകം കാലവര്‍ഷം കേരളത്തിലെത്തുമെന്ന് സൂചന നല്‍കുന്നത് വിദേശ കാലാവസ്ഥാ ഏജന്‍സികളാണ്.
ഭൂമധ്യരേഖക്ക് അഞ്ചു ഡിഗ്രി വടക്ക് മാറി മണ്‍സൂണ്‍ കാറ്റും മേഘങ്ങളും രൂപപ്പെട്ടു വരുന്നതായി വിദേശ കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. പസഫിക് സമുദ്രത്തില്‍ അതിവര്‍ഷത്തിനു കാരണമാകുന്ന ലാ നീന പ്രതിഭാസം തുടരുന്നതിനാല്‍ കാലവര്‍ഷക്കാറ്റ് തടസമില്ലാതെ കേരള തീരത്തെ ലക്ഷ്യംവച്ചു നീങ്ങുമെന്നാണ് കണക്കുകൂട്ടുന്നത്. കാലവര്‍ഷം എന്നെത്തുമെന്നത് ഈമാസം 15 ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് വിദേശ ഏജന്‍സികളുടെ നിരീക്ഷണം. അടുത്ത രണ്ടാഴ്ചത്തെ കാലാവസ്ഥ സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ലാ നീന പ്രതിഭാസം നിലനില്‍ക്കുന്നതായി പറയുന്നു.
സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ പതിവായി രൂപം കൊണ്ട ന്യൂനമര്‍ദ പാത്തി (ട്രഫ്) ആണ് ഈ വേനല്‍കാലത്ത് ഇടിയോടുകൂടിയുള്ള മഴക്ക് കാരണമായത്. അറബിക്കടലിലെ ഇപ്പോഴത്തെ സാഹചര്യം മഴക്ക് അനുകൂലമാണ്. മണ്‍സൂണ്‍ തുടങ്ങുന്നതുവരെ ഇതു തുടരുമെന്നാണ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനം പറയുന്നത്. കാലവര്‍ഷം 25 ന് എത്തുമെന്ന് പൂനെയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. മെയ് മാസം രണ്ടാം വാരത്തോടെ കാലവര്‍ഷക്കാറ്റ് പസഫിക് സമുദ്രത്തില്‍ സജീവമാകും. പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന കാറ്റ് മെയ് 18 നും 24 നും ഇടയില്‍ അറബിക്കടലില്‍ എത്തുമെന്നും 25 നകം കേരളത്തിലെത്തുമെന്നുമാണ് പൂനെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."