സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക പൊലിസ് സേന
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പ്രത്യേക പൊലിസ് സേന. വനിതാ പൊലിസ് ബറ്റാലിയന്റെ ആദ്യ ബാച്ച് ജൂലൈ ആദ്യവാരം തലസ്ഥാനത്തെത്തും.
തൃശൂര്‍ പൊലിസ് അക്കാദമിയില്‍ ഒന്‍പത് മാസത്തെ പരിശീലനത്തിനു ശേഷമാണ് ബറ്റാലിയന് ആസ്ഥാനമായി ഒരുക്കിയ കഴക്കൂട്ടം മേനംകുളത്ത് എത്തുന്നത്. 580 പേരാണ് പരിശീലനത്തിലുള്ളത്. മേനംകുളം ഗെയിംസ് വില്ലേജിലെ 10 ഏക്കറിലാണു ബറ്റാലിയന് ആസ്ഥാനം. പ്രീഫാബ് രീതിയില്‍ പണിത നൂറിലേറെ വീടുകളുടെയും മെസ് ഹാളിന്റെയും കോംപൗണ്ട് വാളിന്റെയും മിനുക്കു പണികളെല്ലാം ഈ മാസത്തിനകം പൂര്‍ത്തിയാകും.
കമാന്‍ഡന്റ്, 20 വനിതാ പൊലിസ് ഹവില്‍ദാര്‍, 380 വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍, അഞ്ചു ഡ്രൈവര്‍, ടെക്നിക്കല്‍ വിഭാഗത്തില്‍ 10പേര്, ഒരു ആര്‍മറര്‍ എസ്.ഐ, 20 ക്യാംപ് ഫോളോവര്‍മാര്‍, ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, കാഷ്യര്‍, സ്റ്റോര്‍ അക്കൗണ്ടന്റ്, രണ്ട് ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ് എന്നീ തസ്തികകളായിരിക്കും ബറ്റാലിയനിലുണ്ടാകുക. 30 വനിതാ പൊലിസുകാര്‍ക്ക് ഇന്ത്യ റിസര്‍വ് ബറ്റാലിയന് മാതൃകയില്‍ പരിശീലനം നല്കി കമാന്‍ഡോ പ്ലാറ്റൂണ്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമാന്‍ഡോ യൂണിറ്റ് തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.ബറ്റാലിയന് കാര്യക്ഷമമാകുന്നതോടെ പിങ്ക് ബീറ്റും കൂടുതല്‍ കാര്യക്ഷമമാകും.
മുഖ്യമന്ത്രിയുടെ തീയതി കിട്ടിയാല്‍ ഉടന്‍ പാസിങ്ങ് ഔട്ട് പരേഡ് തീരുമാനിക്കുമെന്ന് ബറ്റാലിയന് കമാന്‍ഡന്റ് ആര്.നിശാന്തിനി പറഞ്ഞു. വ്യവസായ വകുപ്പ് ഗെയിംസ് വില്ലേജിനായി വിട്ടുനല്‍കിയ 28 ഏക്കറില്‍ 10 ഏക്കറാണ് ബറ്റാലിയന് ആസ്ഥാനത്തിന് കൈമാറിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."