'അനധികൃത ക്വാറിക്കെതിരേ നടപടി വേണം'
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ വെസ്റ്റ് എളേരി പഞ്ചായത്തില്‍ ചീര്‍ക്കയത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി ജനജീവിതം ദുസ്സഹമാക്കുന്നതായി ചീര്‍ക്കയം ജനകീയ പരിസ്ഥിതി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും പഴയകാല അനുമതി സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചു പ്രവര്‍ത്തനം നടത്തുന്ന ക്വാറി അടച്ചുപൂട്ടിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണം.
ക്വാറി സ്ഥിതി ചെയ്യുന്ന ചീര്‍ക്കയം മലയുടെ മുകളില്‍ കൊളത്തുകാട് ആദിവാസി കോളനിയിലെ നിരവധി വീട്ടുകാരും കാവുന്തല പ്രദേശത്തെ നിരവധി വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ക്വാറിയിലെ സ്‌ഫോടനം നിമിത്തം നിരവധി വീടുകള്‍ തകര്‍ന്നിരിക്കുകയാണ്. കുടിവെള്ളവും ജലാശയവും മലിനവുമാണ്.
വെറും രണ്ടേക്കര്‍ സ്ഥലത്തെ അനുമതിക്കുള്ള ലൈസന്‍സ് വച്ചാണ് ഏക്കര്‍ കണക്കിനു സ്ഥലത്തു ഖനനം നടത്തുന്നതെന്നും സമര സമിതി നേതാക്കള്‍ ആരോപിച്ചു. ഇത്തരത്തില്‍ ഖനനം തുടരാനാണ് നീക്കമെങ്കില്‍ വെസ്റ്റ് എളേരി പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി നേതാക്കളായ പി സുരേഷ് കുമാര്‍, പാട്ടത്തില്‍ ചന്ദ്രന്‍, കെ.എം മോഹനന്‍, കെ.കെ അശോകന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."