കശുമാവിന്‍ തോട്ടത്തില്‍ ക്ഷീര വിപ്ലവത്തിനു പദ്ധതി: ദിനംപ്രതി 250 ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചു മില്‍മക്കു കൈമാറും
ബദിയടുക്ക: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയില്‍ ക്ഷീര വിപ്ലവം സൃഷ്ടിക്കാന്‍ പദ്ധതിയുമായി അധികൃതര്‍. പെര്‍ള കുദുവയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പശുവളര്‍ത്തു കേന്ദ്രവും ഡയറി ഫാം നടപ്പാക്കി സ്വന്തം ലേബലില്‍ തന്നെ പാല്‍ വിപണിയിലെത്തിക്കാനുള്ള വന്‍ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഏകദേശം ആറേക്കര്‍ സ്ഥലത്ത് ആറു കോടി രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.
നൂറു പശുക്കളെ വളര്‍ത്താനുള്ള ഹൈടെക് ഡയറി ഫാമായി ഇതു മാറും. പ്ലാന്റേഷന്‍ കോര്‍പറേഷനിലുള്ള തൊഴിലാളികളെ തന്നെയാണ് നിയമിക്കുക. ഒന്നാംഘട്ടത്തില്‍ ബി.എച്ച്.എഫ്.ഇനത്തില്‍പ്പട്ട പതിനാല് പശുക്കളെയാണ് വളര്‍ത്തുക. ദിനംപ്രതി 250 ലിറ്റര്‍ പാലാണ് ഉല്‍പ്പാദിക്കുക. ഇത് മില്‍മക്കു കൈമാറും. ആറു മാസത്തിനുള്ളില്‍ പ്രത്യേക സംസ്‌കരണ യൂനിറ്റ് തുടങ്ങുവാനുള്ള ലക്ഷ്യവുമായാണു മുന്നിട്ടിറങ്ങിയത്. ജൈവകൃഷിക്ക് പ്രധാന്യം കല്‍പ്പിക്കുന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചാണകവും ഗോമൂത്രവും തീറ്റപ്പുല്‍ കൃഷിക്ക് ഉപയോഗിക്കും.
പാല്‍ കറന്നെടുക്കുന്നതിന് ആധുനിക രീതിയിലുള്ള യന്ത്രം ഉപയോഗിക്കും. ഇതിനായി പ്രത്യേകം പ്ലാന്റ് നിര്‍മാണവും ഇതിനകം തന്നെ പൂര്‍ത്തീകരിച്ചു. കന്നുകാലികളുടെ ശുചിത്വത്തിനു വേണ്ടി പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ജലക്ഷാമം പരിഹരിക്കുന്നതിനായി മണ്ണിനടിയിലേക്കു വെള്ളം റീച്ചാര്‍ജ് ചെയ്യുന്ന സംവിധാനവുമുണ്ട്. മഴക്കാലത്ത് പാഴായി പോകുന്ന വെള്ളം തടഞ്ഞു നിര്‍ത്തി സംരക്ഷിക്കുന്നതിനു വേണ്ടി കൃത്രിമ കുളം നിര്‍മിക്കും.
നിലവില്‍ തീറ്റപ്പുല്‍ കൃഷിക്കും പശുക്കള്‍ക്കും ആവശ്യമുള്ള വെള്ളത്തിനും കുഴല്‍ കിണറിനെയാണ് ആശ്രയിക്കുന്നത്. ഏകദേശം അഞ്ചേക്കര്‍ സ്ഥലത്ത് കെട്ടിടം, തീറ്റപുല്‍ കൃഷി, ലക്ഷക്കണക്കിനു ലിറ്റര്‍വെള്ളം കെട്ടി നില്‍ക്കുന്ന മദക്കവും നിര്‍മിച്ചിട്ടുണ്ട്.
പാറക്കല്ല് പ്രദേശമായതു കൊണ്ടു തന്നെ കല്ലുകള്‍ക്കിടയില്‍ തങ്ങുന്ന വെള്ളം ഭൂമിക്കടിയിലേക്കു റീചാര്‍ജ് ആകുന്നത് കൊണ്ടു ജല സംരക്ഷണത്തിനു വളരെയധികം സഹായകമാകുമെന്നു ചൂണ്ടികാട്ടുന്നു. ആറു മാസത്തിനുള്ളില്‍ നൂറു പശുക്കളെ വളര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതോടൊപ്പം ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
കശുമാവിന്‍ കൃഷിയില്‍ നിന്നു പിന്മാറി ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പറേഷനുകളിലെ എസ്റ്റേറ്റുകളില്‍ റബര്‍ കൃഷിക്കും തുടക്കം കുറച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."