'ലോകസമാധാനം തുകല്‍ പന്തിലൂടെ
'
ലോകം കാറ്റുനിറച്ച ഒരു തുകല്‍ പന്തിലേക്ക് ചുരുങ്ങുകയാണ്. കണ്ണും കാതും മനസും വികാരവിചാരങ്ങളും പായുന്നത് പച്ചപുല്‍തകിടിയിലൂടെ ഉരുളുന്ന തുകല്‍ പന്തിലേക്കാണ്. ലോകം സംസാരിക്കാന്‍ കാത്തിരിക്കുന്നത് കാറ്റുനിറച്ച ആ തുകല്‍ പന്തിന്റെ മനോഹാരിതയെ കുറിച്ച്. ആ പന്തിനു പിന്നാലെ പായുന്ന കാലുകളെ കുറിച്ചു. ഒരോ നാലു വര്‍ഷം കൂടുമ്പോഴും ലോകം ഒരു തുകല്‍ പന്തിന് പിന്നിലേക്ക് ചുരുങ്ങി തുടങ്ങിയ കാലം നവതിയോട് അടുക്കുകയാണ്. 21-ാമത്തെ ലോകകപ്പ് പോരാട്ടം. രണ്ടാം ലോക മഹായുദ്ധം കാരണം 1942 ലും 46 ലും ലോകകപ്പ് കിരീടത്തിനായി പന്തുരുണ്ടില്ല. ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടിവീഡിയോയില്‍ തുടക്കമിട്ടു റഷ്യയില്‍ എത്തി നില്‍ക്കുന്ന ചരിത്രം.
1929 ല്‍ ആയിരുന്നു ആദ്യ ലോകകപ്പ് ഫുട്‌ബോളിന് തുടക്കമിടാന്‍ ഫിഫ തീരുമാനിച്ചത്. ആദ്യ ആതിഥേയരാകാനുള്ള ഭാഗ്യം ഉറുഗ്വേയ്ക്ക്. 1928 മെയ് 28 ന് ആംസ്റ്റര്‍ഡാമില്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസിലായിരുന്നു ലോക കപ്പ് കിരീട പോരാട്ടത്തിനുള്ള നിര്‍ണായക തീരുമാനം പിറവിയെടുത്തത്. ലോകം ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതിയില്‍ വലയുന്ന കാലം. അതിനു മുന്‍പേ എത്തിയ ലോക കാര്‍ണിവലില്‍ പങ്കെടുക്കാനുള്ള ഫിഫയുടെ ആഹ്വാനത്തോട് യുറോപ്യന്‍ രാജ്യങ്ങള്‍ മുഖംതിരിച്ചു. 'ഫുട്‌ബോള്‍ ലോകസമാധാനത്തിന്' എന്ന ആശയയവുമായി ഫിഫ പ്രസിഡന്റ് യൂള്‍റിമെ രംഗത്തെത്തി. യുള്‍റിമെയുടെ അനുനയത്തിന് വഴങ്ങി യൂറോപ്പില്‍ നിന്ന് നാല് രാജ്യങ്ങള്‍ ഉള്‍പ്പടെ പതിമൂന്ന് രാജ്യങ്ങള്‍ ആദ്യ ലോകകപ്പില്‍ പന്തുതട്ടാന്‍ ബുട്ടണിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."