പച്ചമരത്തണല്‍
ഒരു ദിവസം ഒരു മുറിക്കകത്ത് കൂടിയിരുന്ന മൂന്നോ നാലോ ചെറുപ്പക്കാരുടെ വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഒരു ആശയം. അതാണ് സമൂഹത്തില്‍ വിവിധ തരത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് പച്ചമരത്തണല്‍ വിരിക്കുന്ന ഇന്നത്തെ ഗ്രീന്‍ പാലിയേറ്റിവ്. ആദ്യം ഫേസ്ബുക്കിലെ ഒരു പേജില്‍ തുടങ്ങിയ ഈ സാന്ത്വന-സാമൂഹിക കൂട്ടായ്മ ഇന്നു നമ്മുടെ നാട്ടിന്‍പുറങ്ങളിലേക്കു പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. നാം ന്യൂജനറേഷനെന്നു പേരിട്ടു മാറ്റിനിര്‍ത്തിയ അതേ ചെറുപ്പങ്ങള്‍ തന്നെ നാട്ടിന്‍പുറങ്ങളില്‍ ഊര്‍ജസ്വലതയോടെ സേവനനിരതരായതിന്റെ വിജയകഥയാണിന്ന് ഗ്രീന്‍ പാലിയേറ്റിവിനു പറയാനുള്ളത്.
തണലിലേക്കു മാറിനില്‍ക്കാനല്ല,
തണലായ് മാറാനാണു ജീവിതം
ഗ്രീന്‍ പാലിയേറ്റിവ് മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനെ ഇങ്ങനെ ചുരുക്കിപ്പറയാം. അതേ കുറിച്ചു പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ.. ഇതൊരു ജനകീയ പ്രസ്ഥാനമോ ബഹളഘോഷങ്ങളോ ആവേശമോ അല്ല. ഇതൊരു വികാരമാണ്, മണ്ണിനെയും മനുഷ്യനെയും സ്‌നേഹിക്കുന്നവരുടെ കൂട്ടുവികാരം. തന്നെപ്പോലെ തന്നെ തന്റെ സഹജീവികളെയും സ്‌നേഹിക്കുന്ന, ചവിട്ടി നില്‍ക്കുന്ന ജീവശ്വാസം നല്‍കുന്ന ഭൂമിയെ സ്‌നേഹിക്കുന്നൊരു വികാരം.
പാതി മരിച്ച ശരീരവുമായി ജീവിതത്തിന്റെ രാപകലുകള്‍ തള്ളിനീക്കുന്ന പരസഹസ്രങ്ങള്‍ നമ്മുടെ ചുറ്റുപാടുകളിലൊക്കെയുണ്ട്. അതു ജന്മനാ ആവാം, രോഗങ്ങളാലാവാം, അപകടങ്ങളാവാം. നിറമുള്ളതെന്നു നമ്മള്‍ ധരിച്ചുവശായ ജീവിതത്തിന്റെ ഇടങ്ങളിലെല്ലാം അവരുണ്ടാവും. ആരും അറിയാത്തൊരു കോണില്‍, ഒരു കണ്ണീര്‍ നനവായി... കണ്ണുകളൊന്നു തുറന്നുപിടിച്ചാല്‍ കാണാവുന്നതേയുള്ളൂ നമുക്കവരെ.. ഒന്നു ചെവിയോര്‍ത്താല്‍ കേള്‍ക്കാം, അവരുടെ ഉള്ളില്‍ വിങ്ങുന്ന തേങ്ങലുകള്‍. ഒന്നു കൈയെത്തിച്ചാല്‍ ഒപ്പിക്കളയാം അവരുടെ കവിള്‍ത്തടങ്ങളിലെ കണ്ണീര്‍ നനവുകള്‍. ആകാശത്തെപ്പോലും അതിജയിക്കുന്ന ഇച്ഛാശക്തിയാല്‍, ജീവിതത്തിലേക്ക് എണീറ്റുനടന്നവര്‍ അവരില്‍ തുലോം കുറവാണ്. ഈ മത്സരപ്പാച്ചിലില്‍ വീണുപോയ നമ്മുടെ സഹജീവികളെ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കും അത്ഭുതങ്ങളിലേക്കും ആഹ്ലാദങ്ങളിലേക്കും തിരികെ കൈപിടിക്കുകയാണ് ഈ 'വലിയ' ചെറിയ കൂട്ടം. മനുഷ്യനെ മാത്രമല്ല, ദുരയും ആര്‍ത്തിയും മൂത്ത മനുഷ്യന്റെ അധമകരങ്ങളാല്‍ മരിച്ചുവീഴുന്ന തേനീച്ചകളെയും ശലഭങ്ങളെയും പക്ഷികളെയും ഇതര ജീവജാലങ്ങളെയും മറന്നുകളയരുതെന്നും ഇവര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അങ്ങിനെ മണ്ണിനെയും മനുഷ്യരെയും അതിരുകളില്ലാതെ സ്‌നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയാണിത്.
ആഘോഷക്കൂട്ടങ്ങള്‍
ഈ ചെറുപ്പക്കാരുടെ ആഘോഷനാളുകളെല്ലാം ഇപ്പോള്‍ ഈ പച്ചമരച്ചുവട്ടിലാണ്. ഓണവും പെരുന്നാളും വിഷുവും അവരൊന്നിച്ചിരുന്ന് ആഘോഷിക്കുന്നു. മേല്‍പ്പുര പാറിപ്പോയ വീടുപോലെ, ദുരിതങ്ങളുടെ പെരുമഴയിലും യാതനകളുടെ കൊടും വേനലിലും പകച്ചുനിന്നുപോയ ജീവിതങ്ങളെ സ്‌നേഹത്തണുപ്പിലേക്കെത്തിച്ച നാളുകള്‍. ബന്ധങ്ങളുടെ കണ്ണികളില്‍നിന്നു പുറത്തായിപ്പോയ, ഉറ്റവര്‍ മറന്നുകളഞ്ഞ ചിലരെ ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നലില്‍നിന്നു കൂട്ടിനാളുണ്ടെന്ന തിരിച്ചറിവിലേക്ക് തിരിച്ചെത്തിച്ച രാപ്പകലുകള്‍...
കോഴിക്കോട് ആശാഭവനിലെ അന്തേവാസികള്‍ക്ക് ഒപ്പമുള്ള ചെറിയ പെരുന്നാള്‍, മലപ്പുറം സല്‍വ അഗതി മന്ദിരത്തിലെ വയോധികരോട് ഒന്നിച്ച സ്വാതന്ത്ര്യദിനാഘോഷം, അവരോടൊപ്പം തന്നെ നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ കൊണ്ടാടിയ ബലിപെരുന്നാള്‍, മൈലാടിക്കുന്ന് ആദിവാസി കോളനിയിലെ ഓണം... അങ്ങനെ ആഘോഷദിനങ്ങള്‍ക്ക് പുതിയൊരു അര്‍ഥവും മാനവും കണ്ടെത്തുകയാണ് ഈ കൂട്ടായ്മ. മതങ്ങളുടെയും ജാതികളുടെയും കള്ളികള്‍ക്കുള്ളിലേക്കു കെട്ടിനിര്‍ത്താതെ അര്‍ഹിക്കുന്ന സകല മനുഷ്യരിലേക്കും ഒഴുകിപ്പരക്കേണ്ടതാണ് സ്‌നേഹവും കാരുണ്യവും ചാലിച്ച മാനവികത എന്നും കാണിച്ചുതരുന്നു ഈ കൂട്ടം.
വര്‍ണാഭം, ഈ കൂട്ടായ്മകള്‍
മനുഷ്യവൈവിധ്യങ്ങള്‍ക്കനുസരിച്ചു ഭിന്നവും വൈവിധ്യപൂര്‍ണവും നിറപ്പകിട്ടാര്‍ന്നതുമാണ് ഗ്രീന്‍ പാലിയേറ്റിവിന്റെ യാത്രാവഴികള്‍. ആഘോഷങ്ങളെ ആരവങ്ങളാക്കുന്നതിനപ്പുറത്തേക്ക് ഒരുപാട് നീണ്ടുപരന്നു കിടക്കുന്നു അത്.
ജീവിതം വീല്‍ചെയറിലേക്കു ചുരുങ്ങിപ്പോയതിനാല്‍ വീടിനകത്ത് ഒതുങ്ങിപ്പോയ, അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തേക്കു പോലും പോവാത്ത ഒന്‍പതു വനിതകളുമായി ഗ്രീന്‍ പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ നടത്തിയ തീവണ്ടി യാത്ര പുതിയൊരു അനുഭവലോകമാണ് തുറന്നിട്ടത്. മലപ്പുറത്തെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെട്ട് ഷൊര്‍ണൂരിലേക്കും അവിടെനിന്ന് നിലമ്പൂരിലേക്കും പാട്ടും ചിരിയും അന്താക്ഷരി മത്സരവുമൊക്കെയായി ആഘോഷമായൊരു യാത്ര. ജീവിതത്തില്‍ ആദ്യമായി യാത്രപോവുന്നവരും ആദ്യം തീവണ്ടിയില്‍ കയറുന്നവരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
നടത്തിയ ട്രെയിന്‍ യാത്ര[/caption]
മറ്റൊരുനാള്‍ മലപ്പുറം ജില്ലയിലെ പഴയംപറമ്പിലുള്ള അന്ധ അഗതിമന്ദിരത്തിലെ അന്തേവാസികളെയും കൊണ്ട് ഈ സ്‌നേഹക്കൂട്ടം കടലുകാണാന്‍ പോയി. കണ്ണോളം കരുതലും കടലോളം സ്‌നേഹവും അനുഭവിച്ചൊരു നാള്‍. തൊട്ടും രുചിച്ചും കെട്ടിപ്പുണര്‍ന്നും, ഓളങ്ങള്‍ ഇക്കിളിയിട്ടപ്പോള്‍ പൊട്ടിച്ചിരിച്ചും അവര്‍ കടലിനെ അനുഭവിച്ചു. അകക്കണ്ണില്‍ സന്ധ്യാശോഭയുടെ മനോഹാരിത തൊട്ടറിഞ്ഞു. കടലിനെ നോക്കി അവര്‍ മനോഹരമായി പാട്ടുപാടി. കൈയടിച്ചു താളം കൊട്ടി. പലര്‍ക്കും ഇതു ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. എത്രയോ വട്ടം കണ്ടതാണെങ്കിലും ഈ കടലും കടല്‍ത്തീരവും പുതിയൊരു കാഴ്ചയും അനുഭവവുമായി തങ്ങളുടെ ഉള്ളില്‍ നിറഞ്ഞെന്ന് വളണ്ടിയര്‍മാര്‍ പറയുന്നു.
മഞ്ചേരി പാണ്ടിക്കാടിനടുത്ത് സല്‍വ അഗതി മന്ദിരത്തില്‍ നടന്ന പരിപാടിയായിരുന്നു കട്ടനും കത്തിയും. നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്ന അലിയിക്കയും എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന സുഹ്‌റത്താത്തയും സ്വന്തം സങ്കടങ്ങള്‍ മറന്നു മറ്റുള്ളവരുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മിയമ്മയുമൊക്കെയായിരുന്നു ഈ കൂട്ടായ്മയിലെ അതിഥികള്‍. മുഹബ്ബത്തിന്റെ 'കട്ടനും' പിരിശത്തിന്റെ 'കത്തി'യുമായിരുന്നു അവര്‍ക്കത്. ഇടക്കിടെ സല്‍വയിലെ അന്തേവാസികള്‍ക്കൊപ്പം കൂടാറുണ്ട് പാലിയേറ്റിവ് പ്രവര്‍ത്തകര്‍.
ബുദ്ധിയുറച്ചവരുടെ വേവലാതികളില്ലാതെ, പ്രായത്തിന്റെ ഗൗരവം മുഖത്തൊട്ടിക്കാതെ, നാളെയെ കുറിച്ച് ആശങ്കപ്പെടാതെ കഴിയുന്നവര്‍. മാനസിക വളര്‍ച്ചയെത്താത്തവരെന്നു പറഞ്ഞു നാം പുറന്തള്ളുന്ന ഈ കൂട്ടത്തോടൊപ്പമുള്ള ആ പകല്‍ കിളിയിലും പൂവിലും കുഞ്ഞുതുമ്പിയിലും കൗതുകവും ആനന്ദവും കണ്ടെത്തുന്ന കുട്ടിത്തത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക്.
സര്‍ഗാത്മകതയുടെ ഇരപകലുകള്‍
വീല്‍ചെയറില്‍ കഴിയുന്നവരിലെ അക്ഷരപ്രേമികള്‍ക്കു വേണ്ടി ഗ്രീന്‍ പാലിയേറ്റിവ് സംഘടിപ്പിച്ച ശ്രദ്ധേയമായ പരിപാടിയായിരുന്നു 'അക്ഷരപ്പച്ച' ദ്വിദിന സാഹിത്യക്യാംപ്. മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഏറെ ചര്‍ച്ചയായി ഇത്. ആരും അറിയാതെ പോവുമായിരുന്ന ഒത്തിരി പേരുടെ വരികള്‍ വെളിച്ചം കണ്ടു ശില്‍പശാലയിലൂടെ. പലരും പിന്നീട് പൊതു ഇടങ്ങളില്‍ എഴുത്തും തുടങ്ങി. ഒരു ശില്‍പശാലയില്‍ അവസാനിപ്പിക്കാതെ ഇതില്‍ പങ്കെടുത്തവര്‍ക്കായി പിന്നീട് രചനാമത്സരവും സംഘടിപ്പിച്ചിരുന്നു.
''കൊഴിഞ്ഞുപോകരുതേ എന്നാഗ്രഹിക്കുന്ന കുറച്ചു ദിനങ്ങളേ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. ഓര്‍മയില്‍ തങ്കലിപികളില്‍ കുറിച്ചുവയ്ക്കാനുള്ളതായിരുന്നു ഈ രണ്ടു ദിനങ്ങള്‍. രണ്ടുദിവസം മതിയായിട്ടില്ല എന്നതാണു സത്യം. പൊട്ടിച്ചിരിക്കാനും പറന്നുല്ലസിക്കാനും ഒന്നുറക്കെ കൂവാനുമുള്ള സ്വാതന്ത്ര്യമാണ് ഞങ്ങള്‍ക്ക് അന്നു കിട്ടിയത്. തുറന്നുസംസാരിക്കാന്‍ ഇത്തരം പെണ്‍കൂട്ടായ്മകള്‍ക്കേ കഴിയൂ. ഇനിയും ഈ ശലഭക്കൂട്ടായ്മയെ ആഗ്രഹിച്ചുകൊണ്ട്.''-പാലിയേറ്റിവ് വനിതകള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ക്യംപില്‍ പങ്കെടുത്ത കെ.ടി നൂര്‍ജഹാന്റേതാണ് ഈ വാക്കുകള്‍. ഭിന്നശേഷിക്കാരായ വനിതകള്‍ക്കു വേണ്ടിയുള്ളതായിരുന്നു ക്യാംപ്.
വീല്‍ചെയറില്‍ ഒതുങ്ങിപ്പോയ, വീടകങ്ങളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ മടുത്തുകഴിയുന്നവര്‍ക്ക് ഒന്നിച്ചിരിക്കാനും മിണ്ടിപ്പറയാനും ആഹ്ലാദം പങ്കുവയ്ക്കാനും അവസരമൊരുക്കുക എന്നതായിരുന്നു ക്യാംപിലൂടെ കൂട്ടായ്മ ലക്ഷ്യമിട്ടത്. ലൈബ്രറിയും യോഗാക്ലാസും ക്യാംപ് ഫയറും ബീച്ച് ടൂറും മനസു തുറന്ന ചര്‍ച്ചകളുമൊക്കെയായി രണ്ടു പകലും ഒരു രാത്രിയും ഒത്തുചേരലിന്റെ ആനന്ദത്തിലലിയുകയായിരുന്നു അവര്‍.
തീര്‍ത്തും വ്യത്യസ്തമായിരുന്നു 'അടുക്കള കോലായയിലേക്ക് ' പരിപാടി. വീട്ടമ്മമാര്‍ക്കായി നടത്തിയ രചനാശില്‍പ ശാലയായിരുന്നുവത്. സംഘാടകരെ പോലും അതിശയിപ്പിക്കുന്നതായിരുന്നു ഇതിനു ലഭിച്ച പ്രതികരണം. പഠനകാലത്തൊക്കെ എഴുത്തിലും വായനയിലും സജീവമായിരുന്നവര്‍ ഏറെയാണു നമുക്കു ചുറ്റും. മറന്നുപോയ, അടുക്കളയിലെ വിയര്‍പ്പിലും കരിയിലും മാഞ്ഞുപോയ അക്ഷരങ്ങളെ തെളിച്ചം വയ്പ്പിക്കലായിരുന്നു പരിപാടിയുടെ ലക്ഷ്യം. എഴുത്തുകാരികളായ ഡോ. ശബ്‌ന എസ്, ആര്യാഗോപി, ഷാഹിന കെ. റഫീഖ് എന്നിവര്‍ വഴികാട്ടികളായി കൂടെക്കൂടുകയും ചെയ്തു.
ഇനിയും നീളുക തന്നെയാണ് ഈ പച്ചക്കൂട്ടത്തിന്റെ വേറിട്ട സേവന സന്നദ്ധ സംരംഭങ്ങള്‍. മലപ്പുറം കീഴുപറമ്പിലെ അന്ധരുടെ അഗതിമന്ദിരത്തില്‍ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിച്ചു. രണ്ടായിരത്തിലേറെ ആളുകള്‍ക്കു പെരുന്നാള്‍കോടിയും ഓണക്കോടിയുമായി പുതുവസ്ത്രങ്ങളുടെ സന്തോഷമണിയിച്ചു. നോമ്പു തുറക്കാനും ഓണസദ്യക്കും പെരുന്നാളുണ്ണാനും വിഭവങ്ങളെത്തിച്ചു. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കാന്‍ മുന്നിട്ടിറങ്ങി.. അങ്ങനെയങ്ങനെ... 2015ല്‍ ഗ്രീന്‍ പാലിയേറ്റിവ് ആരംഭിച്ച വീല്‍ചെയര്‍ ഫ്രന്‍ഡ്‌ലി കാംപയിന്‍ സംസ്ഥാനതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാംപയിന്‍ കൂടുതലായി ജനങ്ങളിലെത്തിക്കാന്‍ വേണ്ടി നിര്‍മിച്ച സീറോ ബജറ്റ് ഷോര്‍ട്ട് ഫിലിം 'ഫുട്പാത്ത് ' ഏറെ കാഴ്ചക്കാരെ പദ്ധതിയിലേക്കു കണ്ണുതുറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
പ്രതിഷേധിച്ചും പ്രതിരോധിച്ചും
പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും വേറിട്ട പാതകളുമുണ്ട് ഇവര്‍ക്കു കാണിക്കാന്‍. നാടകകൃത്തും പരിസ്ഥിതിവാദിയുമായ കെന്‍ സരോവിവയുടെ ഓര്‍മദിനം അതിലൊന്നായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമായി മാറിയ വേട്ടയാടലുകള്‍ക്കെതിരേ സ്വയമൊരു ചെറുത്തുനില്‍പ്പായി മാറിയ കെന്നിനെ ഓര്‍ത്തത് അഭൂതപൂര്‍വമായ ഒരനുഭവം തന്നെയായിരുന്നു.
[caption id="attachment_532622" align="alignleft" width="655"] 'അക്ഷരപ്പച്ച' സാഹിത്യ ശില്‍പശാലയില്‍നിന്ന്[/caption]പ്രകൃതിചൂഷണത്തിനെതിരേയും മണ്ണിന്റെ മക്കള്‍ക്കു വേണ്ടിയും കുത്തകകള്‍ക്കെതിരേയും പോരാടിയതിന്റെ പേരില്‍ കഴുമരത്തിലേറേണ്ടി വന്ന മഹാനായ ആ മനുഷ്യാവകാശ പ്രവര്‍ത്തകനെ വരകളിലൂടെ ഓര്‍ത്തെടുത്തു അന്ന് ഗ്രീന്‍ പാലിയേറ്റിവ് പ്രവര്‍ത്തകര്‍. മറ്റു പല അവസരങ്ങളിലും തെരുവുകളില്‍ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകള്‍ പടര്‍ത്താന്‍ കൂട്ടായ്മ മുന്നിട്ടിറങ്ങി.
കൂട്ടുകൂടാം നിങ്ങള്‍ക്കും
മനുഷ്യാവകാശ, ജീവകാരുണ്യ, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ആര്‍ക്കും ഗ്രീന്‍ പാലിയേറ്റിവിന്റെ സന്നദ്ധസേനയില്‍ അംഗമാവാം. അതിനായി വളണ്ടിയര്‍ ക്യാംപുകളും വളണ്ടിയര്‍ ഗ്രൂമിങ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. 17-ാം വയസില്‍ വാഹനാപകടത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റു ശരീരം മുഴുവന്‍ തളര്‍ന്ന വെളിമുക്ക് സ്വദേശി റഈസ് ഹിദായ, അടങ്ങാത്ത ഇച്ഛാശക്തിയുടെയും ആത്മധൈര്യത്തിന്റെയും ആകെത്തുകയായി ഗ്രീന്‍ പാലിയേറ്റിവ് എന്ന തണല്‍മരത്തിനു വെള്ളവും വളവും വെളിച്ചവുമേകുന്നു. സ്‌കൂള്‍ പഠനകാലത്ത് മസ്‌ക്കുലാര്‍ അട്രോഫി ബാധിച്ചു കൈക്കാലുകള്‍ തളര്‍ന്നിട്ടും വായ കൊണ്ട് ചിത്രംവരച്ചു ജീവിതത്തെ തോല്‍പിച്ച ചിത്രകാരന്‍ ജസ്ഫര്‍ കോട്ടക്കുന്നാണ് കൂട്ടായ്മയുടെ ചെയര്‍മാന്‍. ശാരീരിക പരിമിതികളെ മൊഞ്ചുള്ള പുഞ്ചിരിയാല്‍ അതിജീവിച്ച എഴുത്തുകാരിയും ചിത്രകാരിയുമായ സി.എച്ച് മാരിയത്തും ഇവരോടൊപ്പമുണ്ട്, എന്തിനും ഏതിനും തയാറായി.
മണ്ണും മനുഷ്യനും ഒരുപോലെ ചൂഷണം ചെയ്യപ്പെടുന്നിടത്ത് അവകാശങ്ങള്‍ക്കൊപ്പം കടമകളെ കുറിച്ചുകൂടി ബോധ്യമുള്ള ന്യൂജെന്‍ യുവത്വം തന്നെയാണ് ഗ്രീന്‍ പാലിയേറ്റിവിന്റെ ഊര്‍ജം. യുവതലമുറക്കു ദിശാബോധമില്ലെന്ന കാടടക്കിയുള്ള വിമര്‍ശങ്ങള്‍ക്കു പ്രവൃത്തികളിലൂടെ മറുപടി പറയുന്നു, ഈ കൂട്ടായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."