ആരുടെ പാര്‍ക്ക്
കണ്ണൂര്‍: പയ്യാമ്പലം പാര്‍ക്ക് അടച്ചിട്ടതുമായി ബന്ധപ്പെട്ട് കോര്‍പറേഷനും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും രണ്ടു തട്ടില്‍. ഉടമസ്ഥാവകാശം നിലനില്‍ക്കുന്ന പയ്യാമ്പലം പാര്‍ക്ക് കോര്‍പറേഷനു വിട്ടു നല്‍കാമെന്നു പറഞ്ഞിട്ടില്ലെന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ ഗിരിഷ് കുമാര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
ജില്ലാ കലക്ടറാണ് ഡി.ടി.പി.സിയുടെ ചെയര്‍മാന്‍. അദ്ദേഹവും എം.എല്‍.എമാരുമടങ്ങുന്ന കൗണ്‍സിലാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. പാര്‍ക്കില്‍ വീണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ഡി.ടി.പി.സിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാര്‍ക്ക് വിട്ടുനല്‍കാന്‍ ഡി.ടി.പി.സി ഡെപ്യൂട്ടി ഡയരക്ടര്‍ സന്നദ്ധത അറിയിച്ചതായി നേരത്തെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അറിയിച്ചിരുന്നു. ഈ അറിയിപ്പ് നല്‍കിയതിന്റെ പിറ്റേന്നു മാധ്യമങ്ങളില്‍ പാര്‍ക്ക് നടത്തിപ്പുകാരെ കണ്ടെത്താന്‍ ഡി.ടി.പി.സി ടെന്‍ഡര്‍ ക്ഷണിച്ചു കൊണ്ടുള്ള പരസ്യവും നല്‍കിയിരുന്നു. ഇതോടെയാണ് വിഷയം വിവാദമായത്. തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സിലിനെ മേയര്‍ വഞ്ചിച്ചുവെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തു. പാര്‍ക്ക് വിട്ടുനല്‍കാമെന്ന ഉറപ്പ് ഡി.ടി.പി.സി അധികൃതര്‍ നല്‍കിയിട്ടുണ്ടെന്ന പഴയ പല്ലവി തന്നെയാണ് അപ്പോഴും മേയര്‍ പറഞ്ഞത്. എന്നാല്‍ ഇതു സംബന്ധിച്ച യാതൊരു കൂടിക്കാഴ്ചയും ഇതുവരെ നടത്തിയിട്ടില്ലെന്നും നിയമപരമായ കൈമാറ്റത്തിനു നടപടിയെടുത്തില്ലെന്നും ഡയറക്ടര്‍ അറിയിച്ചു.
ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം കഴിഞ്ഞ് ഉചിതമായ തീരുമാനമെടുക്കും. വിനോദനികുതിയും ലൈസന്‍സ് ഫീസും അടക്കുന്നില്ലെന്ന കാരണത്താല്‍ പൂട്ടിയ പാര്‍ക്ക് കോര്‍പറേഷന്‍ ഏറ്റെടുക്കുന്നുവെന്ന പ്രചാരണം ശക്തമാണ്. 25 വര്‍ഷമായി ഡി.ടി.പി.
സിയുടെ നിയന്ത്രണത്തിലുള്ള പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് കോര്‍പറേഷന്റെ ഭൂമിയിലാണെന്നു കണ്ടെത്തിയതോടെയാണ് പാര്‍ക്ക് ഏറ്റെടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.
2.63 ഏക്കര്‍ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പാര്‍ക്കില്‍ ആകാശത്തൊട്ടില്‍ സ്ഥാപിക്കുന്നതിനു അനുമതി വാങ്ങിയില്ലെന്നും പാര്‍ക്കിന്റെ വിനോദ നികുതിയിനത്തില്‍ ലക്ഷക്കണക്കിനു രൂപ കുടിശികയുണ്ടെന്നും പാര്‍ക്കിനകത്തെ കടമുറികള്‍ക്കു കോര്‍പറേഷന്റെ കെട്ടിടനമ്പര്‍ ഇല്ലെന്നുമുള്ള കാരണം പറഞ്ഞാണ് പാര്‍ക്കിനു കോര്‍പറേഷന്‍ താഴിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."