മഞ്ഞുതുള്ളി പോലെ ഒരു തുരുത്ത്
വേനല്‍മഴയുടെ മേഘങ്ങള്‍ മേലാപ്പു വിതാനിച്ച ഒരു ഞായറാഴ്ചയായിരുന്നു അത്. മിക്കവാറും ഞായറാഴ്ചകളെപ്പോലെ ഇരവിഴുങ്ങിയ പാമ്പു പോലെ അനക്കം കുറഞ്ഞു കിടക്കുകയായിരുന്നു മധ്യാഹ്നം വരെയുള്ള റോഡ്. കല്യാണത്തിരക്കുകളിലേക്കും കച്ചവടപ്പാച്ചിലുകളിലേക്കും പാതയും ഓരങ്ങളും പിടഞ്ഞുണരാന്‍ ഇരിക്കുന്നതേയുള്ളൂ. തലേന്നു പെയ്ത മഴയുടെ അടയാളങ്ങളൊന്നും കാണിക്കാതെ മണ്ണ് ചൂടും പൊടിയും പരത്തിക്കൊണ്ടിരുന്നു. സ്ഥലകാലങ്ങളൊന്നും ബാധിക്കാത്ത കാക്കള്‍ മാത്രം തലങ്ങും വിലങ്ങും പറന്നുകൊണ്ടിരിക്കുന്നു.
പത്തു മണിയോടെ സുഹൃത്തിനൊപ്പം കാളികാവിലെ 'ഹിമ' കെയര്‍ഹോമിലെത്തി. സ്ഥാപനത്തിന്റെ ഓഫിസും ക്ലിനിക്കും കൗണ്‍സലിങ് സെന്ററും ഗസ്റ്റ് റൂമും മീറ്റിങ് ഹാളും അടങ്ങുന്ന കെട്ടിടത്തിലേക്കാണ് ഞങ്ങളെ സ്വീകരിച്ചിരുത്തിയത്. ജനറല്‍ സെക്രട്ടറി ഫരീദ് റഹ്മാനി ഓഫിസില്‍ ചിലരുമായി തിരക്കിട്ട ചര്‍ച്ചകളിലാണ്. എത്രയോ നേരത്തെ തന്നെ തിരക്കുകളിലേക്ക് ഉണര്‍ന്നിട്ടുണ്ട് ആ ഓഫിസ് എന്നു വ്യക്തം.
മൂടിക്കെട്ടിയ, വിങ്ങുന്ന കാലാവസ്ഥയിലും 'ഹിമ' റബര്‍ തോട്ടത്തിനും മരത്തഴപ്പിനുമിടയില്‍ ഹൃദയം പോലെ മിടിച്ചുകൊണ്ടിരുന്നു. ഹിമത്തണുപ്പും കരുതലിന്റെ ഊഷ്മളതയും അവിടെയുണ്ട്. പരിചാരികമാര്‍ വീട്ടമമ്മാരുടെ ഉത്സാഹത്തോടെ അന്തേവാസികളെ പരിലാളിക്കുന്നണ്ട്. ഒറ്റപ്പെടലിനും ജരാനരകള്‍ക്കും മരണത്തിനും ഇടയില്‍പെട്ടുപോയ അനേകം ജന്മങ്ങള്‍ ഇവിടെ കൊച്ചുകൊച്ചു സന്തോഷങ്ങളുടെ പോക്കുവെയിലേല്‍ക്കുന്നുണ്ട്.
കരുതലിന്റെ സ്‌നേഹവലയം
കാളികാവിലെ അടക്കാക്കുണ്ടിലാണ് 'ഹിമ' പ്രവര്‍ത്തിക്കുന്നത്. ഉദാരതയുടെ ഉടല്‍രൂപമായ എ.പി ബാപ്പു ഹാജി ഓശാരമായി നല്‍കിയ മൂന്ന് ഏക്കര്‍ ഭൂമിയില്‍. 'ഹിമ' എജ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബള്‍ ട്രസ്റ്റാണു സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ആറു പദ്ധതികളാണ് 'ഹിമ' ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആലംബമില്ലാതെ തെരുവിലും പുറംപോക്കിലും പെട്ടുപോകുന്ന വൃദ്ധജനങ്ങളുടെ പരിരക്ഷയ്ക്കുവേണ്ടി സന്നദ്ധമായിരിക്കുന്ന 'സദയം', പരസ്പര അവിശ്വാസങ്ങള്‍ പെരുകിവരുന്ന കാലത്ത് സ്വന്തത്തെയും ബന്ധുക്കളെയും തിരിച്ചറിയാന്‍ സഹായിക്കുന്ന കൗണ്‍സലിങ് സംരംഭമായ 'പരസ്പരം', സ്ത്രീകള്‍ക്ക് അവബോധവവും തൊഴില്‍പരിശീലനവും നല്‍കാനുള്ള 'അത്താണി', തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കുള്ള ഇടമായ 'താലോലം', ലഹരിയുടെ പിടിയിലമര്‍ന്നവര്‍ക്കു നേര്‍വഴി കാണിക്കുന്ന 'പുനര്‍ജനി', വിദ്യാര്‍ഥികളുടെ അഭിരുചിയും വിദ്യാഭ്യാസമേഖലയും മനസിലാക്കാന്‍ സഹായമൊരുക്കുന്ന 'ദിശ' എന്നിവയാണ് ആറു പദ്ധതികള്‍.
അലയുന്നവര്‍ക്കഭയം, അശരണര്‍ക്കന്നം എന്നു വേദവാക്യം പോലെ ഉരുവിടുന്ന 'ഹിമ' ഒമ്‌ലി ീള കിശോമര്യ മിറ ങലൃരശളൗഹ അാേീുെവലൃല എന്നതിന്റെ ചുരുക്കെഴുത്താണ്. ഒരു വര്‍ഷം പിന്നിട്ട സ്ഥാപനം മലപ്പുറം ജില്ലയുടെയും കേരളത്തിന്റെ പരിചരണഭൂമികയില്‍ സ്വന്തമായ ഇടം നേടിയിട്ടുണ്ട്. അശരണരെയും അലയുന്നവരെയും ശ്രദ്ധിക്കുകയാണ് ഇക്കാലയളവില്‍ ഹിമ ചെയ്തിട്ടുള്ളത്. ഓര്‍ക്കുക, സ്‌നേഹത്തിന്റെ ഏറ്റവും മൗലികമായ രൂപം ശ്രദ്ധയും കരുതലുമാണ്.
ആര്‍ദ്രതയുടെ ആശയം
പത്തരയോടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഞങ്ങളോടു സംസാരിച്ചു തുടങ്ങി ഫരീദ് റഹ്മാനി. ''വൃദ്ധസദനങ്ങളും പരിചരണകേന്ദ്രങ്ങളും നമുക്ക് എമ്പാടുമുണ്ട്. അന്തേവാസികളുടെ എണ്ണക്കൂടുതല്‍ കൊണ്ടോ മറ്റോ പലപ്പോഴും അവിടെ മുന്തിയ പരിഗണന നല്‍കാന്‍ കഴിയാതെ പോകുന്നു. സ്വാസ്ഥ്യം ലഭിക്കാതെ പോകുന്നു. പലരും ആഗ്രഹിക്കുന്ന സന്തോഷകരമായ മരണം പോലും കിട്ടാതെ പോകുന്നു. ഇക്കുറവുകളെല്ലാം നികത്തി ഓരോ വ്യക്തിയെയും വേറിട്ടു കണ്ടു വ്യക്തിപരമായ കരുതല്‍ നല്‍കുകയാണ് 'ഹിമ'യുടെ ഉദ്ദേശ്യം. ഇവിടുത്തെ സ്‌നേഹവീടുകള്‍ അത്തരത്തിലാണു സജ്ജീകരിച്ചിട്ടുള്ളത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പിന്തുണയോടെ ഈ സംരംഭം വിജയകരമായി മുന്നോട്ടുപോകുന്നു. ഓരോ ദിവസവും രാത്രി നമ്മുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങിയവരുടെ മുഖത്തെ സന്തോഷങ്ങള്‍ ഓര്‍മയിലേക്കെത്തുന്നു. നിറഞ്ഞ ആ മുഖങ്ങളാണ് നമ്മുടെ ഊര്‍ജവും ലക്ഷ്യവും.''
അദ്ദേഹം തുടര്‍ന്നു: ''വൃദ്ധസദനം എന്ന സങ്കല്‍പ്പത്തെ പ്രോത്സാഹിപ്പിക്കുകയാണു നമ്മള്‍ എന്നു ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. തെരുവാധാരങ്ങളായിത്തീര്‍ന്ന ആലംബഹീനരെ പരിചരിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതു മാനുഷികവും സാമൂഹികവും മതപരവുമായ ഉത്തരവാദിത്തമല്ലേ? അതാണ് 'ഹിമ' ചെയ്യാനുദ്ദേശിക്കുന്നത്. അതോടൊപ്പം വിപുലമായ പദ്ധതികള്‍ മുന്നില്‍ക്കാണുകയും ചെയ്യുന്നു. ഡയാലിസിസ് യൂനിറ്റ് ഉള്‍പ്പെടുയുള്ളവ ഭാവിയില്‍ ചെയ്യേണ്ടതുണ്ട്. പാണക്കാട് ഹൈദരലി തങ്ങളാണു മുഖ്യരക്ഷാധികാരി. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരിയും സുലൈമാന്‍ ഫൈസി മാളിയേക്കലും ബഹാഉദ്ദീന്‍ ഫൈസി ഉദരംപൊയിലും എല്ലാത്തിനും കൂടെയുണ്ട്. നാട്ടിലും മറുനാട്ടിലുമുള്ള പരശ്ശതം മനുഷ്യര്‍ സഹായിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അഗതികള്‍ക്കും വിധവകള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനം ധര്‍മസമരത്തിനു സമമാണെന്ന തിരുനബിയുടെ വാക്കുകളാണ് ഞങ്ങളെ പ്രചോദിപ്പിക്കുന്നത്.''
അപ്പോഴേക്കും ഒരു ചെറിയ കുടുംബം എത്തി. ഫാമിലി ഔട്ട്‌റീച്ചിങ് പ്രോഗ്രാമുകളിലൂടെ 'ഹിമ' ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബങ്ങളിലൊന്നാണ് അത്. അവര്‍ സഹായനിധി കൈമാറുന്നു. കൈയിലുള്ള പൊതി ഏല്‍പ്പിക്കുന്നു. അവിടെയുള്ളവര്‍ക്കുള്ള പലഹാരപ്പൊതിയാണത്. 'ഹിമ' എന്ന സ്ഥാപനം ആ ചുറ്റുവട്ടത്ത് ഉണ്ടാക്കിയ സ്‌നേഹവായ്പ് വിപുലമാണെന്നു മനസിലായി.
ആരോഗ്യ പരിചരണം
പതിനൊന്നു മണിയോടെ ഓഫിസിനോടു ചേര്‍ന്നുകിടക്കുന്ന ക്ലിനിക്കിലേക്ക് ഇറങ്ങി. സ്‌നേഹവീടിലേക്ക് വിടുന്നതിനു മുന്‍പ് നല്ല പരിചരണവും ചികിത്സയും ആവശ്യമുള്ളവരാണ് അവിടെ. ഡോ. മുനീര്‍ ബാബുവും ഡോ. സീനത്തും ആവശ്യമുള്ള സമയങ്ങളില്‍ ക്ലിനിക്കില്‍ നേരിട്ടെത്തി പരിശോധന നടത്തുന്നു. എഴുപതിനു മുകളില്‍ പ്രായമുള്ള രമണിയമ്മ അവിടെയുണ്ടായിരുന്നു. കഥപറയുകയും പാട്ടുപാടുകയും ചെയ്യുന്ന രമണിയമ്മ. 'ഹിമ' സംഘടിപ്പിച്ച ആഘോഷരാവില്‍ ഏറ്റവും നന്നായി പാട്ടുപാടിയത് അവരാണെന്ന് നഴ്‌സ് ധന്യ പറഞ്ഞു. അവര്‍ക്കിന്നു പഴയകാല ഓര്‍മകള്‍ മാത്രമേയുള്ളൂ. ആയിരം രൂപ വാര്‍ധക്യ പെന്‍ഷന്‍ കൊണ്ട് ജീവിക്കുകയായിരുന്നു. അപസ്മാരവും മറ്റു വയ്യായ്കകളും വന്ന അവരെ പാലിയേറ്റിവുകാര്‍ പരിചരിക്കുന്നുണ്ടായിരുന്നു. തീവ്രപരിചരണം ആവശ്യമായി വന്നപ്പോഴാണ് അവര്‍ 'ഹിമ'യിലെത്തുന്നത്.
രമണിയമ്മയുടെ മുഖത്ത് ഇപ്പോള്‍ സന്തോഷമുണ്ടെങ്കിലും ഉള്ളിലെവിടെയോ ഒരു തരി നിരാശയുള്ളതായി തോന്നി. ഒറ്റപ്പെടുന്ന എല്ലാ മനുഷ്യരും കൂടെക്കൊണ്ടു നടക്കുന്നതായിരിക്കണമത്. അണച്ചുപിടിക്കുന്നതിലൂടെ നിരാശകള്‍ ഒപ്പിയെടുക്കാനാണ് 'ഹിമ' ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍നിന്ന് മെഡിക്കല്‍ കോളജ് വഴി 'ഹിമ'യിലെത്തിയ ആമിന കട്ടിലില്‍ കിടക്കുകയാണ്. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്നു ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നു പുറന്തള്ളപ്പെടുകയായിരുന്നു. എപ്പോഴും രാത്രിയാണെന്നു കരുതുന്ന ഇമ്മുത്ത, തിളക്കമുള്ള കണ്ണുകളുള്ള അജിത. അങ്ങനെ പലരും ക്ലിനിക്കിലുണ്ട്.
അഡ്മിന്‍ ബ്ലോക്കിനു പിന്നിലാണ് പള്ളിയും തീന്മുറിയും സ്‌നേഹവീടും. 'ഹിമ'യുടെ മൗലികമായ ഇടപെടല്‍ പതിഞ്ഞുകിടക്കുന്നത് സ്‌നേഹവീടുകളിലാണെന്നു തോന്നുന്നു. ക്ലിനിക്കില്‍നിന്നു സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തി നേടി പുറത്തുവരുന്നവര്‍ക്കു സ്വകാര്യത കാത്തുസൂക്ഷിക്കാവുന്ന ഒരിടം എന്നതാണു സ്‌നേഹവീടിന്റെ സങ്കല്‍പം. സ്‌നേഹം നിറഞ്ഞ ഗൃഹാന്തരീക്ഷം സൃഷ്ടിച്ചു താമസവും ചികിത്സയും മുന്നോട്ടു കൊണ്ടുപോവുകയാണവിടെ. നിരയായി നില്‍ക്കുന്ന സ്‌നേഹവീടുകള്‍ ഹിമയിലെ വേറിട്ട കാഴ്ച തന്നെയാണ്. ഉദാരമതികള്‍ പലരും സ്‌പോണ്‍സര്‍ ചെയ്തതാണ് ഓരോ വീടുകളും.
സൂര്യനാരായണന്‍ ഇവിടെയുണ്ട്
ഓര്‍കിഡ് എന്ന പേരിട്ടിരിക്കുന്ന വീട്ടിലേക്ക് ഞങ്ങള്‍ കടന്നുചെന്നു. അകത്തുനിന്ന് ഏതോ ഇതരഭാഷയിലുള്ള പാട്ട് കേള്‍ക്കാനുണ്ട്. നീട്ടിനീട്ടിയുള്ള ആലാപനം. പാട്ട് ബംഗാളിയിലാണ്, പാട്ടുകാരന്‍ സൂര്യനാരായണന്‍ കൊല്‍ക്കത്തക്കാരനും. പത്ത് മിനുട്ടോളം ഹിന്ദിയില്‍ അദ്ദേഹത്തോടു സംസാരിച്ചെങ്കിലും ഒരു ചിരി പോലും കിട്ടിയില്ലല്ലോ എന്ന് ആലോചിച്ചു. മലയാളി പെട്ടെന്നു മറക്കുകയില്ല സൂര്യനാരായണനെ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാള്‍ എന്നു പറഞ്ഞു പൊതുജനം കടത്തിണ്ണയിലിട്ടു പൊതിരെ തല്ലിയ സൂര്യനാരായണനെ. അതിനവര്‍ പറഞ്ഞ കാരണം കേള്‍ക്കുമ്പോഴാണു നമുക്കു പുഛം തോന്നുക.
കുട്ടികള്‍ കഴിക്കുന്ന തേന്‍മിഠായി നാരായണന്റെ കൈയിലുണ്ടായിരുന്നു. കുട്ടികളെ പ്രലോഭിപ്പിക്കാന്‍ അയാള്‍ കൈയില്‍ കരുതിയതാണ് എന്നാണു പൊതുജനം കണ്ടെത്തിയ ന്യായം. വിശന്നുവലഞ്ഞ അയാള്‍ക്ക് ഏതോ കടക്കാരന്‍ നല്‍കിയതായിരുന്നു സത്യത്തില്‍ ആ മിഠായിപ്പൊതി. പൊലിസ് ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ചെയര്‍മാനും ഇടപെട്ടാണ് സൂര്യനാരായണന്‍ 'ഹിമ'യിലെത്തുന്നത്, ഒടിവും ചതവും പറ്റിയ ശരീരവുമായി. ഇപ്പോള്‍ മാനസികാസ്വാസ്ഥ്യവുമുണ്ട്.
അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകളില്‍ ഇത്തരത്തില്‍ പല സാഹചര്യങ്ങളിലൂടെ കടന്നുപോയ ഉപേക്ഷിക്കപ്പെട്ടവരാണ്. അലയുന്നവരെ അണച്ചുപിടിക്കാന്‍ നിര്‍മിച്ച സ്‌നേഹവീടുകള്‍ ലോകത്തെ സ്വര്‍ഗം പോലെ ആക്കുന്നുണ്ട്. ഭൂമിയെ കുറെക്കൂടി ജീവിക്കാന്‍ പറ്റുന്നതാക്കുന്നുണ്ട്. വീടുകള്‍ക്കു മുന്നിലുള്ള ചെറിയ മുറ്റത്ത് പച്ചക്കറിയും പാവക്കയും നട്ടുവളര്‍ത്തുന്നുണ്ട് അവര്‍. വീണ്ടും തളിര്‍ക്കുന്ന ജീവിതത്തിനു വെള്ളമൊഴിക്കുകയാണവര്‍.
ഒരു മണി കഴിഞ്ഞു കാണും. കൂട്ടിലങ്ങാടിയിലെ മദ്‌റസയിലെ ഉസ്താദും കുട്ടികളു ടൂറിസ്റ്റ് ബസില്‍ വന്നിറങ്ങി. വിനോദയാത്ര പോകുന്ന അവരുടെ ഒരു ലക്ഷ്യസ്ഥാനം 'ഹിമ'യാണ്. 'ഹിമ'യിലെ ജീവിതങ്ങളും അതിജീവനങ്ങളും കരുതലും കുട്ടികളെ ആദ്യമേ പഠിപ്പിക്കേണ്ട പാഠങ്ങളിലൊന്നു തന്നെയാണ്. കെട്ട വെള്ളം കൊണ്ട് അമ്യൂസ്‌മെന്റുകള്‍ തീര്‍ക്കുന്ന പാര്‍ക്കുകളുടെ കാലത്ത് കെട്ടുപോയ ജീവിതങ്ങള്‍ വെളിച്ചം പകരുന്ന ഈ ഭൂമിക അവര്‍ സന്ദര്‍ശിക്കേണ്ടതും കാണേണ്ടതും തന്നെ. മാലിന്യം വലിച്ചെറിയും പോലെ പ്രായം ചെന്നവരെ തെരുവില്‍ തള്ളുന്ന മനുഷ്യരുണ്ടെന്നും അവരെ പരിചരിക്കാന്‍ സുമനസുകളായ കുറച്ചു പേരുണ്ടെന്നും കുട്ടികള്‍ കാണട്ടേ.
............................
രണ്ടു മണിയോടെ ഞങ്ങള്‍ തിരിച്ചുപോരാന്‍ ഒരുങ്ങി. യാത്ര പറയാന്‍ പുറപ്പെടുമ്പോള്‍ മറ്റൊരു കേസുമായി ഒരു സംഘം വന്നിരിക്കുന്നു. നാട്ടിലെ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരും മഹല്ല് സെക്രട്ടറിയും മറ്റുമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച പ്രായം ചെന്ന തൊണ്ണൂറു വയസ് കഴിഞ്ഞ സ്ത്രീ. അപസ്മാര രോഗി. വാക്കറിന്റെ സഹായമില്ലാതെ നടക്കാനാവില്ല. ഒന്‍പതു കൊല്ലം ഏതോ കോണ്‍വെന്റിലായിരുന്നു. ചെവി കേള്‍ക്കാത്ത മകനും കൂടെയുണ്ട്. മകന് അസുഖം വന്നതോടെ കോണ്‍വെന്റുകാര്‍ കൈയൊഴിയുകയായിരുന്നു. 'ഹിമ'യിലെ ജീവനക്കാര്‍ അവരെയും ഏറ്റെടുക്കാനുള്ള പ്രാഥമിക കടലാസുപണികളിലേക്കു നീങ്ങുന്നു. മധുരപാനീയം നല്‍കുന്നു. ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങളെ 'ഹിമ' ഇങ്ങനെ ഒന്നൊന്നായി ഏറ്റെടുത്തുകൊണ്ടിരിക്കുന്നു. പണിതീരാത്ത അവരുടെ ജീവിതങ്ങള്‍ക്ക് ആലംബമായി ഈ സ്‌നേഹവീടുകള്‍ കാത്തിരിക്കുന്നു.
പുറപ്പെട്ടു പോരുമ്പോള്‍ മനസ് പറഞ്ഞു; ഹിമം എന്നാല്‍ മഞ്ഞാണ്. 'ഹിമ'യില്‍ മഞ്ഞുതുള്ളിയുടെ തെളിമയും വിശുദ്ധിയും കുളിരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."