കമ്പളക്കാട് ടൗണില്‍ ഓട്ടോറിക്ഷകളില്‍ മദ്യവില്‍പ്പന
കമ്പളക്കാട്: കമ്പളക്കാട് ടൗണില്‍ ഓട്ടോറിക്ഷകളില്‍ മദ്യവില്‍പ്പന നടക്കുന്നെന്ന് ആക്ഷേപം. ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങികൊണ്ടുവന്നാണ് വില്‍പ്പന. ഓട്ടോക്കാരില്‍നിന്നും പകലും രാത്രിയും മദ്യം ലഭിക്കും. മലബാര്‍ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പ്രധാന വില്‍പ്പന. മദ്യം വാങ്ങി നല്‍കാനായി മാത്രം ഓട്ടോറിക്ഷയുമായി സ്റ്റാന്‍ഡിലെത്തുന്നവരുണ്ട്. ടാക്‌സി സ്റ്റാന്‍ഡ് മദ്യവില്‍പ്പനയുടെ കേന്ദ്രമാക്കുന്നതിനെതിരേ ഡ്രൈവര്‍മാര്‍തന്നെ പ്രതിഷേധം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇവര്‍ പിന്മാറാന്‍ തയാറല്ല. ഫോണില്‍ ആര് ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് ഇവര്‍ മദ്യം എത്തിച്ചുനല്‍കും. കൂടുതല്‍ തുക നല്‍കണമെന്ന് മാത്രം. മദ്യം എത്തിച്ചുകൊടുക്കാനും വാങ്ങാനും 'സ്ഥിരം പാര്‍ട്ടി'കളുമുണ്ട്. ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്നും രാവിലെതന്നെ ഇവര്‍ മദ്യംവാങ്ങി സൂക്ഷിക്കും.
പിന്നീട് ആവശ്യക്കാര്‍ വിളിക്കുന്നതിനുസരിച്ച് നല്‍കും. ഓട്ടോറിക്ഷകളില്‍ പൊലിസ് പരിശോധനയില്ലാത്തത് ഇവര്‍ക്ക് സഹായകവുമാണ്. ഡ്രൈവര്‍മാര്‍ യൂനിഫോം ധരിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് പൊലിസ് നോക്കുന്നത്. ബുക്കും പേപ്പറുംപോലും പരിശോധിക്കാറില്ലെന്നും ഡ്രൈവര്‍മാര്‍തന്നെ പറയുന്നു. മദ്യവില്‍പ്പനക്ക് ചില പൊലിസ് ഉദ്യോഗസ്ഥരുടെ മൗനസമ്മതവും ഉണ്ട്. ഓട്ടോകളിലെ മദ്യവില്‍പ്പന ഇവര്‍ക്ക് അറിയാമെങ്കിലും കണ്ണടക്കുകയാണ്. എക്‌സൈസ് പരിശോധന ഇതുവരെ ഉണ്ടായിട്ടില്ല. ഓട്ടോകളില്‍ മദ്യം സൂക്ഷിക്കുന്നത് യാത്രക്കാര്‍ക്കും ഭീഷണിയാണ്. ആവശ്യക്കാര്‍ക്ക് രാത്രിയിലും ഇവര്‍ മദ്യം നല്‍കും. ഇതിനെതിരേ കര്‍ശന നടപടികള്‍ അധികൃതരുടെ ഭാഗത്ത്് നിന്നുണ്ടാകണമെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ അടക്കം ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."