വിദേശവനിതയുടെ കൊലപാതകം: വസ്ത്രങ്ങള്‍ കണ്ടെടുത്തു: ദിവസങ്ങളായി നടത്തിവന്ന തിരച്ചിലിന് അവസാനം
കോവളം: വിദേശവനിത കൊല്ലപ്പെട്ട കേസില്‍ പൊലിസിന് നിര്‍ണ്ണായക തെളിവ് ലഭിച്ചു.കൃത്യത്തിനു ശേഷം കനാലിലേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികള്‍ മൊഴിനല്‍കിയ വിദേശ വനിതയുടെ അടിവസ്ത്രങ്ങളാണ് ഇന്നലെ പ്രതികളെ സ്ഥലത്തെത്തിച്ച് കണ്ടെടുത്തത്.
ഒന്നാം പ്രതി ഉമേഷിനെയും രണ്ടാം പ്രതി ഉദയനെയും ഒരുമിച്ച് ഇന്നലെ പനത്തുറയിലെ കണ്ടല്‍ക്കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നനിടയിലാണ് അടിവസ്ത്രങ്ങള്‍ കുഴിച്ചിട്ട സ്ഥലം ഉമേഷ് പൊലിസിന് കാണിച്ച്കൊടുത്തത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴും കഴിഞ്ഞ ദിവസം കണ്ടല്‍ കാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴുംവസ്ത്രങ്ങള് കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഉമേഷ് പൊലിസിനോട് പറഞ്ഞിരുന്നത്.
കൊല നടത്തിയതിനു ശേഷം മൃതദേഹംഉപേക്ഷിച്ച സ്ഥലത്ത്നിന്ന് കഷ്ടിച്ച് അറുപതു മീറ്റര്‍ മാറിയാണ് അടിവസ്ത്രങ്ങള്‍ ചതുപ്പില്‍ താഴ്ത്തിയനിലയില്‍ കണ്ടെടുത്തത്.
ഇവിടെ ചകിരിചോര്‍ കൊണ്ട് നിറഞ്ഞ പ്രദേശമായതിനാല്‍ അധികൃതര്‍ക്ക് അധികം കുഴിക്കേണ്ടി വന്നില്ല. ഇതോടെ പ്രതികളെ പിടികൂടിയതുമുതല്‍ ദിവസങ്ങളോളമായി കൊല്ലപ്പെട്ട യുവതിയുടെ വസ്ത്രങ്ങള്‍ തേടി നടത്തിവന്ന തെരച്ചിലിന് അവസാനമായി. യുവതിയുടെ ചെരുപ്പും പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും കണ്ടെടുക്കാനുണ്ട്.
പ്രതികളെ കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകളുടെ അഭാവം അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്ന വേളയിലാണ് കൊല്ലപ്പെട്ട വിദേശ വനിതയുടെ അടി വസ്ത്രം നിര്‍ണയാക തെളിവായി ലഭിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് മുഖ്യ പ്രതിയായ ഉമേഷിനെയും കൂട്ടുപ്രതിയായ ഉദയനെയും സംഭവസ്ഥലത്ത് ഒന്നിച്ച് തെളിവെടുപ്പിന് എത്തിച്ചത്.
കൂടാതെ ചെന്തിലക്കരിയില്‍ ആറ്റിനു സമീപം വിദേശ വനിതയെ എത്തിച്ച ഫൈബര്‍ വള്ളങ്ങളിലും തെളിവെടുപ്പ് നടത്തി.
ഫോര്‍ട്ട് എ.സി ദിനിലിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികളെ ഈ മാസം 17 ന് വീണ്ടും കോടതിയില്‍ ഹാജരാക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."