വിദേശ മദ്യഷാപ്പ് മരുതോങ്കരയിലേക്ക് മാറ്റുന്നതിനെതിരേ വ്യാപക പ്രതിഷേധം
കുറ്റ്യാടി: കടേക്കച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യഷാപ്പ് മരുതോങ്കര പഞ്ചായത്തിലേക്കു മാറ്റിസ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു.
മരുതോങ്കര മുണ്ടകുറ്റിയിലെ ജനവാസ കേന്ദ്രത്തിലേക്കു ഷാപ്പ് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമായതോടെ ഈ ശ്രമം ഉപേക്ഷിക്കുകയും പഞ്ചായത്തിലെ മുള്ളന്‍കുന്ന് ഉള്‍പ്പെടെയുള്ള സ്ഥലം പരിഗണിക്കുകയും ചെയ്ത നടപടിയും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന മുള്ളന്‍കുന്നില്‍ മദ്യഷാപ്പ് വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ജനങ്ങള്‍ പ്രതിഷേധിക്കാന്‍ രംഗത്തിറങ്ങിയത്.
മദ്യഷാപ്പിനെതിരേ പ്രദേശത്ത് ജനകീയ കൂട്ടായ്മയും കുടുംബ യോഗങ്ങളും സജീവമായിട്ടുണ്ട്. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെയാണ് സമരം നടക്കുന്നത്. മുള്ളന്‍കുന്നില്‍ മദ്യഷാപ്പ് സ്ഥാപിക്കുന്നതിനെതിരേ മരുതോങ്കര എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എക്‌സൈസ് വകുപ്പ് മന്ത്രിക്കും കമ്മിഷനര്‍ക്കും കൂട്ടമായി കത്തയച്ച് പ്രതിഷേധിച്ചു. നാടിന്റെയും കുടുംബത്തിന്റെയും കെട്ടുറപ്പ് തകര്‍ക്കുമെന്ന സന്ദേശമാണ് കത്തില്‍ പറയുന്നത്.
പഞ്ചായത്തിലെ നിരവധി കരിങ്കല്‍ ക്വാറികളിലേക്ക് നിരന്തരം ടിപ്പര്‍ലോറികളും മറ്റു വാഹനങ്ങളും കടന്നുപോകുന്ന ഇടുങ്ങിയ റോഡുകളില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്കു കൂടിയാവുന്നതോടെ റോഡ് ഗതാഗതവും ദുസ്സഹമാവും. ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്ന വിദേശ മദ്യഷാപ്പിനെതിരേ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."