നഗരത്തിലെ ഹോട്ടലുകളില്‍നിന്നു പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
കോഴിക്കോട്: കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. സ്റ്റാര്‍ പദവിയുള്ളതടക്കം നഗരത്തിലെ ആറ് ഹോട്ടലുകളില്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. ഹോട്ടലുകള്‍ക്ക് 18,500 രൂപ പിഴ ചുമത്തി. കുറ്റകരമായ അനാസ്ഥ കാണിച്ച ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
തിങ്കളാഴ്ച തൊണ്ടയാട് ബൈപ്പാസിലെ കെ.എല്‍ 11 അടുക്കള എന്ന ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിലെ ഏഴുപേര്‍ക്ക് വിഷബാധയേറ്റതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.
ഇതേ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
ബൈപ്പാസിലെ സോപാനം ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ അഞ്ച് ലിറ്റര്‍ എണ്ണ പിടികൂടി. ഫ്രിഡ്ജില്‍ സൂക്ഷിച്ച മസാലക്കറിയും പിടിച്ചെടുത്തു. 2500 രൂപയാണ് ഈ ഹോട്ടലിന് പിഴ ചുമത്തിയത്. മജ്‌ലിസ് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഇറച്ചിയും ചോറും ചപ്പാത്തിയും പിടിച്ചെടുത്തു. അഞ്ച് കിലോഗ്രാം ഗ്രില്‍ഡ് ചിക്കന്‍, ഒരു കിലോഗ്രാം മീന്‍ വറുത്തത്, രണ്ട് കിലോഗ്രാം ഇറച്ചിക്കറി, അഞ്ച് കിലോഗ്രാം ചോറ്, അഞ്ച് ലിറ്റര്‍ കറി എന്നിവ പിടിച്ചെടുത്തു.
ഇവിടെ മുന്‍പും പരിശോധന നടത്തിയിരുന്നതിനാല്‍ അഞ്ചാം നിലയിലെ ഐസ്‌ക്രീം ഫ്രീസറില്‍ രഹസ്യമായാണ് ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഈ ഹോട്ടലിന് 10,000 രൂപയാണ് പിഴചുമത്തിയത്.
അല്‍ഖയര്‍ ഹോട്ടലില്‍നിന്ന് 10 കിലോഗ്രം തന്തൂരി, ഗ്രില്‍ഡ് ചിക്കന്‍ എന്നിവ പിടിച്ചെടുത്തു. രണ്ട് ലിറ്റര്‍ പഴകിയ മീന്‍കറി, നാലു ലിറ്റര്‍ പഴകിയ എണ്ണ, അഞ്ച് കിലോഗ്രാം ചോറ് എന്നിവ കണ്ടെടുത്തു.
പ്യുവര്‍ സൗത്ത് ഹോട്ടലില്‍നിന്ന് പഴകിയ ചപ്പാത്തി പിടികൂടി. ഇവര്‍ക്ക് 5000 രൂപ പിഴയിട്ടു.
കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ ഹരിദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവദാസ് എന്നിവരാണ് പരിശോധന നടത്തിയത്. പരിശോധന ശക്തമായി തുടരുമെന്ന് ഹെല്‍ത്ത് ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."