തിയേറ്ററിലെ പീഡനം: മാതാവിനെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷന്
തിരുവനന്തപുരം: മാതാവിന്റെ അറിവോടെയാണ് എടപ്പാളിലെ തിയേറ്ററില്‍ പത്തു വയസ്സുകാരിയായ മകള്‍ പീഡിപ്പിക്കപ്പെട്ടതെന്നും അതിനാല്‍ അവര്‍ക്കെതിരെ കേസെടുക്കണമെന്നും സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന്. പോക്സോ കേസായതിനാല്‍ വനിതാ കമ്മിഷന് ഇതില്‍ ഇടപെടാനാകില്ലെന്നും ജോസഫൈന് അറിയിച്ചു. സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷന് അധ്യക്ഷ, മാതൃകാപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചു.
പീഡനത്തിന് ഇരയായ പത്തുവയസ്സുകാരിയെ റസ്ക്യൂഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് നിലവില്‍ പൊലിസ് കസ്റ്റഡിയാണ്. ഇവരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടി നേരത്തെയും പീഡനനത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയെ (60) ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. അതേസമയം, വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ.്ഐ കെ.ജി.ബേബിയെ ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ സസ്പെന്‍ഡ് ചെയ്തു.
ഏപ്രില്‍ 18 നാണ് സംഭവം നടന്നത്. കുട്ടിയ്ക്കൊപ്പം 40 വയസു പ്രായം തോന്നുന്ന ഒരു സ്ത്രീയും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ സി.സി.ടി.വിയിലാണ് സംഭവം പതിഞ്ഞത്. തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഏപ്രില്‍26ന് പൊലിസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പൊലിസ് ഇതുവരെയും കേസെടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."