ജല ആംബുലന്‍സിന്റെ ഔദ്യോഗിക നമ്പറിലേക്ക് 'കബളിപ്പിക്കല്‍' കോളുകള്‍; ജീവനക്കാര്‍ വലയുന്നു
പൂച്ചാക്കല്‍: ജലഗതാഗത വകുപ്പിന്റെ പാണാവള്ളിയിലെ ജല ആംബുലന്‍സിന്റെ ഔദ്യോഗിക നമ്പറിലേക്ക് മിസ്ഡ് കോളും കബളിപ്പിക്കല്‍ കോളും ഏറിയതോടെ ജീവനക്കാര്‍ വലയുന്നു.
പെരുമ്പളം ദ്വീപിലെ അടിയന്തര ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് 24 മണിക്കൂര്‍ സേവനത്തിനായി പാണാവള്ളി ബോട്ട് സ്റ്റേഷന്‍ പരിധിയില്‍ ജല ആംബുലന്‍സ് അനുവദിച്ചിരിക്കുന്നത്.ഇതിന്റെ ഔദ്യോഗിക നമ്പറായ 9400050365എന്നതിലേക്കാണ് മിസ്ഡ് കോളും കബളിപ്പിക്കല്‍ കോളും എത്തുന്നെന്നു പരാതി.
അര്‍ധരാത്രിയില്‍ ഉള്‍പ്പെടെയാണ് വിളിക്കുന്നത്. ചിലപ്പോള്‍ ഒന്നോ, രണ്ടോ റിങ് ഉള്ള മിസ്ഡ് കോള്‍ ആകും. ഫോണ്‍ എടുക്കുമ്പോഴും മിസ്ഡ് കോള്‍ കണ്ടു തിരികെ വിളിക്കുമ്പോഴും പലതരം ചോദ്യങ്ങളും മറുപടിയുമാണെന്നു ജീവനക്കാര്‍ പറയുന്നു.
നിങ്ങള്‍ ഉറങ്ങിയോ,രാത്രിയില്‍ ഫോണ്‍ എടുക്കുമോ, വിളിച്ചാല്‍ വരുമോ, ഇപ്പോള്‍ എവിടെയാണ്, നമ്പര്‍ നിലവിലുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണെന്നാണ് വിളിക്കുന്ന ചിലര്‍ പറയുന്നത്.
വിളിച്ചിട്ടില്ലെന്നും കൈ തെറ്റി വന്നതായിരിക്കും എന്നൊക്കെയും ന്യായികരിക്കുന്നവരുണ്ടത്രെ.പ്രതിദിനം ശരാശരി മൂന്നു കോളുകള്‍ അത്തരത്തിലുണ്ടെന്നാണ് പരാതി. സൈബര്‍ സെല്ലില്‍ പരാതിപ്പെടാന്‍ ജല ഗതാഗത വകുപ്പ് അധികൃതര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മിസ്ഡ് കോളും,കബളിപ്പിക്കല്‍ കോളുകളും ഔദ്യോഗിക നമ്പറിലേക്കു വരുമ്പോള്‍ ഉണ്ടാവുന്ന തിരക്കും നെറ്റ് വര്‍ക്ക് തകരാറും മൂലം യഥാര്‍ഥ രോഗിക്കു സഹായം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ കരുതുന്നു.
രക്ഷാപ്രവര്‍ത്തനം,മൃതദേഹങ്ങള്‍ എത്തിക്കല്‍ ഉള്‍പ്പെടെ 15 കേസുകള്‍ ഒരു മാസത്തിനിടെ ജലആംബുലന്‍സ് നേതൃത്വത്തില്‍ നടത്തിയിരുന്നു.
സഹായത്തിന് ജല ആംബുലന്‍സിന്റെ ഔദ്യോഗിക നമ്പറില്‍ ലഭിച്ചില്ലെങ്കില്‍ പാണാവള്ളി ബോട്ട് സ്റ്റേഷനിലെ 0478 - 2523832 എന്ന നമ്പറിലേക്കും വിളിക്കാമെന്നു അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."