റാഗിങ്; കര്‍ണാടക പൊലിസ് കോഴിക്കോട്ടെത്തി
കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ ഖുമാര്‍ നഴ്‌സിങ് കോളജില്‍ ദലിത് വിദ്യാര്‍ഥിനി റാഗിങിനിരയായ സംഭവത്തില്‍ കര്‍ണാടക പോലിസിന്റെ അന്വേഷണ സംഘം കോഴിക്കോട്ടെത്തി. ഇന്നലെ വൈകിട്ടാണ് ഗുല്‍ബര്‍ഗ് റോസ പോലിസ് സ്‌റ്റേഷനിലെ ഒമ്പതംഗ സംഘം റോഡ് മാര്‍ഗം കോഴിക്കോട്ടെത്തിയത്. രണ്ട് എസ്.ഐമാര്‍, രണ്ട് എ.എസ്.ഐമാര്‍, ഒരു വനിതാ എ.എസ്.ഐ, രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് സംഘത്തിലുളളത്. അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി. ജാഹ്നവി എത്തിയ ശേഷം മാത്രമേ മൊഴി എടുക്കല്‍ അടക്കമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. ജാഹ്നവിയുടെ നേതൃത്വത്തില്‍ രണ്ട് സി.ഐമാര്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് വിമാന മാര്‍ഗം കോഴിക്കോടെത്തും. ഇന്ന് ഉച്ചയോടെ സംഘം മെഡിക്കല്‍കോളജിലെത്തി അശ്വതിയുടെ മൊഴിരേഖപ്പെടുത്തും.
ഇതിനിടെ മെഡിക്കല്‍കോളജ് പൊലിസിന് അശ്വതി നല്‍കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ സീനിയര്‍ വിദ്യാര്‍ഥികളെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ കോളജ് പൊലിസ് രണ്ടു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരേയാണ് കേസ്. ഇവര്‍ക്കെതിരേ വധശ്രമത്തിനും എസ്.സി എസ്.ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ഇവരെക്കൂടാതെ റാഗിങ് നടത്തിയെന്ന കുറ്റത്തിന് കര്‍ണാടക പൊലിസ് മൂന്നു വിദ്യാര്‍ഥികളെക്കൂടി പ്രതികളാക്കിയിട്ടുണ്ട്. കൃഷ്ണ, രേഷ്മ, ജോ എന്നിവരെയാണു പ്രതിചേര്‍ത്തത്.
കോഴിക്കോടെത്തിയ സംഘത്തിന് പൊലിസ് ക്ലബ്ബിലാണ് താമസ സൗകര്യമൊരുക്കിയത്. അതേസമയം അശ്വതിയുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളില്ല. വീണ്ടും എന്‍ഡോസ്‌കോപ്പി നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്‍ഡോസ്‌കോപി ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. ദ്രാവകം കൊണ്ട് പൊളളിയ ആന്തരികാവയവങ്ങളിലെ മുറിവുകള്‍ ഉണങ്ങിയാല്‍ മാത്രമേ ഉടന്‍ ശസ്ത്രക്രിയ ഉണ്ടാവുകയുളളൂ.
ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അശ്വതിയെ സന്ദര്‍ശിച്ചിരുന്നു. അശ്വതിക്ക് കേരളത്തില്‍ തുടര്‍ന്ന് പഠിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബംഗുളൂരുവില്‍ നിന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഭാരവാഹികളും അശ്വതിയെ സന്ദര്‍ശിക്കാന്‍ മെഡിക്കല്‍ കോളജിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."