കീടങ്ങളുടെ ആക്രമണം ഏക്കര്‍ കണക്കിന് നെല്‍കൃഷി നശിച്ചു
തിരൂരങ്ങാടി: വരള്‍ച്ചക്ക് പിറകെ കീടങ്ങളുടെ ആക്രമണവും. നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. കാരാണി, ദേവസ്വം മേഖലയിലെ നെല്‍വയലിലാണ് മുഞ്ഞ അടക്കമുള്ള കീടങ്ങളുടെ ശല്യം വ്യാപകമായത്.
ഒരാഴ്ചക്കകം ഏക്കര്‍ കണക്കിന് നെല്‍പാടങ്ങളിലാണ് കീട ആക്രമണം ഉണ്ടായത്. പന്താരങ്ങാടിയിലെ കണ്ണാടിത്തടം പാടശേഖരത്തിലെ 200 ഏക്കറിലേറെ നെല്‍കൃഷി കീടങ്ങള്‍ നശിപ്പിച്ചതായി കര്‍ഷകര്‍ പറഞ്ഞു. കാതിരിട്ട ഉമ, ജ്യോതി എന്നീ നെല്ലിനങ്ങളാണ് കീടങ്ങള്‍ നശിപ്പിച്ചത്.
സാധാരണ കതിരിടുന്നതിനു മുന്‍പാണ് മുഞ്ഞയുടെ ശല്യം ഉണ്ടാവാറുള്ളത്. എന്നാല്‍ ഇവിടെ കതിരിട്ടതും വിളവെടുപ്പിന് പാകമാവുകയും ചെയ്ത നെല്ലിനാണ് കീടബാധയുണ്ടായത്. കണ്ണാടിത്തടം പാടശേഖരത്തില്‍ കൃഷി നടത്തുന്ന വടക്കന്‍ സിദ്ധീഖിന്റെ 20 ഏക്കര്‍ നെല്‍കൃഷിയും പള്ളിക്കല്‍ അന്‍വറിന്റെ നെല്‍കൃഷിയും പാടെ നശിച്ച നിലയിലാണ്. പ്രദേശത്തെ 76 കര്‍ഷകരുടെതായി 200 ഏക്കര്‍ കൃഷിയും നശിച്ചു.
വിളവെടുക്കാനായതുകൊണ്ടുതന്നെ കീടനാശിനി ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.ഇത്തവണ വരള്‍ച്ചയെ തുടര്‍ന്ന് അഞ്ഞൂറ് ഏക്കറിലേറെ നെല്‍കൃഷിയാണ് വെഞ്ചാലിയിലും പരിസര പ്രദേശങ്ങളിലും നശിച്ചത്. വേനല്‍മഴ കര്‍ഷകര്‍ക്ക് തെല്ലൊരു ആശ്വാസം നല്‍കിയെങ്കിലും കീടങ്ങളുടെ ആക്രമണം തിരിച്ചടിയായി മാറി. മുഞ്ഞ ബാധയുള്ള പ്രദേശങ്ങള്‍ തിരൂരങ്ങാടി കൃഷി ഭവന്‍ അധികൃതര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."