കേരളം ലഹരി ഉപയോഗത്തില്‍ പഞ്ചാബിനു തൊട്ടുപിന്നില്‍: ഋഷിരാജ് സിങ്
നിലമ്പൂര്‍: കേസുകളുടെ എണ്ണം കൂടുന്നത് എക്‌സൈസിന്റെ കര്‍ശന നിലപാടുമൂലമെന്ന് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. എക്‌സൈസ്, പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റുകളും മലപ്പുറം ജില്ലാ ട്രോമാ കെയറും സംയുക്തമായി ചാലിയാര്‍ പഞ്ചായത്തിലെ പെരുവമ്പാടം കോളനിയില്‍ സംഘടിപ്പിച്ച ലഹരി വിമുക്തി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വില്‍പ്പനക്കാരെ പിടികൂടുന്നതിനും അവര്‍ക്കെതിരേ കേസെടുക്കുന്നതിലും എക്‌സൈസ് വകുപ്പ് നടത്തിയ ശക്താമായ നടപടികളാണ് മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയിലധികം കേസുകള്‍ ഇക്കുറി റിപോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണം. കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമ്പോഴും ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ കുറവുവരുത്താനും വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണെന്ന് മറക്കരുത്. പഞ്ചാബ് കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനത്തേക്ക് കേരളം എത്തിക്കഴിഞ്ഞിരിക്കുകയാണ്. കുട്ടികളില്‍ ലഹരി ഉപയോഗം വ്യാപകമായി വര്‍ധിച്ചിട്ടുണ്ട്. എട്ടു വയസിന് മുകളിലുള്ള കുട്ടികള്‍ ലഹരി ഉപയോഗത്തിലേക്കെത്തുന്നത് ആശങ്കാജനകമാണ്. തമാശയില്‍ തുടങ്ങുന്ന ലഹരി ഉപയോഗം ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറുകയാണ്. രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തണം.
കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളും, അധ്യാപകരും, ഉദ്യോഗസ്ഥരും ഒത്തുപിടിച്ചാല്‍ ലഹരി വിപത്തിനെ തടയാനാകുമെന്നും ലഹരി വ്യാപനത്തിനെതിരെ ശക്തമായ നിലപാട് എക്‌സൈസ് വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോളനി മൂപ്പന്‍ വലിയ നായ്ക്കന്‍ അധ്യക്ഷനായി.
കോളനിയില്‍ മദ്യപാനം നിര്‍ത്തിയവരേയും കോളനിയില്‍ നിന്നും എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാര്‍ഥികളേയും ചടങ്ങില്‍ ആദരിച്ചു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍ അനില്‍ കുമാര്‍, ഐ.ടി.ഡി.പി അസി പ്രൊജക്ട് ഓഫിസര്‍ രാജീവ്, ജില്ലാ ട്രോമകെയര്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രതീഷ്, മഹിളാ സമഖ്യ ജില്ലാ കോഡിനേറ്റര്‍ എം. റജിന, ബിന്ദു പെരുവമ്പാടം, ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."