വിവാദ നിബന്ധന: കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റി
മുക്കം: വീടുകള്‍ക്ക് കെട്ടിട നമ്പര്‍ ലഭിക്കണമെങ്കില്‍ സമീപത്തെ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരേ ഭാവിയില്‍ പരാതി നല്‍കില്ലെന്ന് രേഖാമൂലം എഴുതി നല്‍കണമെന്ന വിവാദ നിബന്ധന ഇറക്കിയ കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റി. മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്ത് ഓഫിസിലേക്കാണ് പി.പി രാജനെ സ്ഥലം മാറ്റിയത്. പഞ്ചായത്ത് രാജ് നിയമങ്ങള്‍ക്കെതിരായി പാറമടകള്‍ക്ക് അനുകൂലമായി ഉത്തരവിറക്കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി.
കഴിഞ്ഞമാസം 30നാണ് വീടിനു നമ്പറിനായി അപേക്ഷ നല്‍കിയ തോട്ടുമുക്കം സ്വദേശി അബ്ദുല്‍ ഖാദറിനോട് തൊട്ടടുത്ത ക്രഷര്‍ യൂനിറ്റിനെതിരേ പരാതി നല്‍കില്ലെന്ന് 200 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി നല്‍കണമെന്ന് സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് പ്രസിഡന്റ് റദ്ദാക്കിയിരുന്നു. ജില്ലാ കലക്ടറും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തന്റെ സ്വന്തം സ്ഥലത്ത് നിര്‍മിച്ച വീടിന് കെട്ടിട നമ്പര്‍ ലഭിക്കാന്‍ അബ്ദുല്‍ ഖാദര്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. വൈദ്യുത കണക്ഷന്‍ ലഭിക്കാന്‍ കെട്ടിട നമ്പര്‍ അനിവാര്യമായതിനാല്‍, അപേക്ഷയുടെ തുടര്‍നടപടി അന്വേഷിച്ച് പഞ്ചായത്തില്‍ എത്തിയപ്പോഴായിരുന്നു സെക്രട്ടറിയുടെ വിചിത്രമായ ആവശ്യം. സംസ്ഥാനത്തെ പഞ്ചായത്ത് രാജ് ചട്ടങ്ങളും നിയമങ്ങളും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ ക്വാറികള്‍ക്കു വേണ്ടി ഭേദഗതി ചെയ്യുന്നതായുള്ള പരാതികള്‍ നിലനില്‍ക്കെയാണ് സെക്രട്ടറിയുടെ വിവാദ പരാമര്‍ശം.
നേരത്തെ പഞ്ചായത്തിലെ മാടാമ്പി ഭാഗത്ത് നാട്ടുകാര്‍ വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരിപ്പ് തുടരുമ്പോള്‍ ക്വാറി മാഫിയക്കു മാത്രം പട്ടയം നല്‍കിയ നടപടിയും വിവാദമായിരുന്നു. അങ്കണവാടി കെട്ടിടം പാറമടക്കായി മാറ്റിപ്പണിത പഞ്ചായത്ത് കൂടിയാണ് കൊടിയത്തൂര്‍. അതേസമയം സെക്രട്ടറിക്ക് ഗുരുതമായ വീഴ്ച സംഭവിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ പി.പി രാജനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടുകയോ കുറഞ്ഞപക്ഷം സസ്‌പെന്‍ഡ് ചെയ്യുകയോ വേണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."