മദീനയില്‍ വീണ്ടും വികസന പദ്ധതികള്‍; ഉദ്ഘാടനം ചെയ്തത് 510 കോടി റിയാലിന്റെ പദ്ധതികള്‍
മദീന: അധികാരമേറ്റശേഷം രണ്ടാം തവണ നടത്തിയ മദീന സന്ദര്‍ശനവേളയില്‍ കോടികളുടെ വികസന പദ്ധതി പ്രഖ്യാപനം. സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബുല്‍ അസീസ് രാജാവാണ് കഴിഞ്ഞ ദിവസത്തെ സന്ദര്‍ശനവേളയില്‍ 510 കോടി റിയാലിന്റെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. വിഷന്‍ 2030ന്റെ ചുവടുപിടിച്ചു നീങ്ങുന്ന ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്റെ ഭാഗമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കീഴിലാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലാണ് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ മാത്രം 843 ദശലക്ഷം റിയാലിന്റെ പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടാതെ മറ്റു വിദ്യാഭ്യാസ മേഖലകളിലായി 241 ദശലക്ഷം റിയാലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. മദീനയിലും പരിസരങ്ങളിലും ജല വിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 235 ദശലക്ഷം റിയാലിന്റെ ജല വിതരണ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനവുമുണ്ട്. ത്വയ്യിബ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ 693 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ വേറെയുമുണ്ട്.
കൂടാതെ വൈദ്യതി രംഗത്ത് 100 കോടി റിയാലിന്റെ പവര്‍ സ്റ്റേഷനുകളും മറ്റ് വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. മദീന ജനറല്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് 415 ദശലക്ഷം റിയാലിന്റെ പദ്ധതിയും നടപ്പിലാക്കും.
ജിദ്ദയില്‍ നിന്നും മദീനയിലെത്തിയ രാജാവിനെ വിവിധ വകുപ്പുമേധാവികള്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രവാചക ഖബറിടവും പള്ളിയും, മസ്ജിദുല്‍ ഖുബായും സന്ദര്‍ശിച്ച രാജാവ് മക്കയിലെ മസ്ജിദുല്‍ ഹറം സന്ദര്‍ശനത്തിനായി ജിദ്ദയിലേക്ക് തന്നെ തിരിച്ചു. റംസാന്‍ അവസാന പത്ത് ദിവസം ഇദ്ദേഹം ഇനി മക്കയിലെ അല്‍ സഫ കൊട്ടാരത്തിലായിരിക്കും ചിലവഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."