ശിഹാബ് തങ്ങളുടെ ഗ്രന്ഥങ്ങള്‍ ഇനി പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപൂര്‍വ ഗ്രന്ഥശേഖരം പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളജ് ലൈബ്രറിയിലേക്ക് കൈമാറുന്നു. ഇന്നു വൈകിട്ട് നാലിനു കോട്ടക്കല്‍ പറപ്പൂര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നു പുസ്തകങ്ങള്‍ സമര്‍പ്പിക്കും.
പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ സൂക്ഷിക്കപ്പെട്ടിരുന്ന അതിവിപുലമായ പുസ്തകശേഖരമാണ് സി.എച്ച് കുഞ്ഞീന്‍ മുസ്‌ലിയാര്‍ മെമ്മോറിയല്‍ ലൈബ്രറിയിലേക്കു കൈമാറുന്നത്. പഠനകാലയളവിലും തുടര്‍ന്നും ശിഹാബ് തങ്ങള്‍ സമാഹരിച്ച അത്യപൂര്‍വ ഗ്രന്ഥങ്ങളടങ്ങിയതാണ് ഈ ശേഖരം.
വ്യത്യസ്ത മേഖലകളിലും വിവിധ ഭാഷകളിലുമുള്ള ആയിരത്തിലധികം പുസ്തകങ്ങള്‍ ഇതിലുണ്ട്.
അറബി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉര്‍ദു ഭാഷകളിലായി മതം, സാഹിത്യം, ചരിത്രം, ശാസ്ത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, യാത്രാവിവരണം, ജീവചരിത്രം തുടങ്ങി ശിഹാബ് തങ്ങള്‍ ബന്ധപ്പെട്ട സര്‍വമേഖലകളും ഈ ഗ്രന്ഥ ശേഖരം ഉള്‍കൊള്ളുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളായ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ് തുടങ്ങിയ ജ്ഞാനശാഖകളിലെ പൗരാണികവും ആധുനികവുമായ ഗ്രന്ഥങ്ങള്‍ക്കു പുറമേ, ഇതര മതഗ്രന്ഥങ്ങളും വേദപുരാണങ്ങളും ഇതിഹാസങ്ങളും അടങ്ങിയതാണ് ഈ സമാഹാരം.
ശിഹാബ് തങ്ങളുടെ വായനാലോകത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. അറബി സാഹിത്യവും ആദ്ധ്യാത്മികവിജ്ഞാനവുമായിരുന്നു ശിഹാബ് തങ്ങളുടെ ഇഷ്ടമേഖല. അതുകൊണ്ടുതന്നെ, ഈ വിഭാഗത്തില്‍ പെട്ട ധാരാളം ഗ്രന്ഥങ്ങളുണ്ട്.
ഈജിപ്ത് പഠനകാലത്ത് അദ്ദേഹം ശേഖരിച്ച വിവിധ അറബ് രാജ്യങ്ങളില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെയും ബൃഹത്തായ ശേഖരമുണ്ട്. തങ്ങളുടെ വിശാലമായ വായനയും യാത്രയുമാണ് കൊടപ്പനക്കല്‍ തറവാട്ടില്‍ ഈ ഗ്രന്ഥങ്ങള്‍ സമാഹരിക്കപ്പെടാന്‍ വഴിയൊരുക്കിയത്.
തന്റെ പൂര്‍വപിതാക്കളുടെ നാടായ യമനിന്റെയും ഹളര്‍മൗത്തിന്റെയും ചരിത്രം പറയുന്ന ഗ്രന്ഥങ്ങളുടെ അപൂര്‍വ ശേഖരവും ഇതില്‍ ഉള്‍പ്പെടും.
സബീലുല്‍ ഹിദായ ജനറല്‍ സെക്രട്ടറി സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങും.
കോളജ് ലൈബ്രറിയില്‍ ശിഹാബ് തങ്ങളുടെ പേരില്‍ പ്രത്യേക വിഭാഗമായി വിദ്യാര്‍ഥികള്‍ക്കും അന്വേഷകര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ ഗ്രന്ഥങ്ങള്‍ സംരക്ഷിക്കുമെന്നു പ്രിന്‍സിപ്പല്‍ മീറാന്‍ സഅദ് ദാരിമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."