'പ്രശ്‌നങ്ങളില്ലാത്ത സ്ഥലത്ത് പൊലിസ് അതിക്രമം; ജീവിതം ഭയപ്പാടോടെ...'
തിരൂര്‍: പ്രശ്‌നങ്ങളില്ലാത്ത പ്രദേശത്താണ് പൊലിസ് വ്യാപക അതിക്രമം നടത്തിയതെന്നു താനൂര്‍ തീരദേശത്തു പൊലിസ് നടപടിക്കിരകളായ വീട്ടമ്മമാര്‍. ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സ്ത്രീകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അര്‍ധരാത്രിയില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് പൊലിസ് നിരപരാധികളായ ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും വലിച്ചിഴച്ചു കൊണ്ടുപോയത്. അലമുറയിട്ടു കരഞ്ഞപ്പോള്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയായിരുന്നു. വീടുകളില്‍ നിര്‍ത്തിയിട്ട ചെറുതും വലുതുമായ വാഹനങ്ങളെല്ലാം പൊലിസ് തല്ലിത്തകര്‍ത്തു. വീട്ടിലെ ബള്‍ബുകള്‍പോലും അടിച്ചു തകര്‍ത്തുവെന്നും വീട്ടമ്മമാര്‍ പറഞ്ഞു.
വനിതാ പൊലിസ് ഇല്ലാതെയായിരുന്നു ഇരുപതോളം പേരടങ്ങുന്ന പൊലിസ് സംഘത്തിന്റെ അതിക്രമം. ഫ്യൂസ് ഊരി വൈദ്യുതിബന്ധംപോലും വിച്ഛേദിച്ചതായി താനൂര്‍ ചാപ്പപ്പടി, ആല്‍ബസാര്‍, കോര്‍മന്‍ കടപ്പുറം, പണ്ടാരകടപ്പുറം, ഒട്ടുംപുറം കമ്പനിപ്പടി സ്വദേശികളായ വീട്ടമ്മമാര്‍ ആരോപിച്ചു. സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് നിരപരാധികളായ തങ്ങളെപ്പോലുള്ളവര്‍ക്കും ദുരിതമായത്. തീരദേശത്തെ യുവാക്കളെ മദ്യമടക്കമുള്ള ലഹരി നല്‍കിയാണ് ഗുണ്ടകളെപ്പോലെ കൊണ്ടുനടക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അക്രമകാരികള്‍ സംരക്ഷിക്കപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കൊയ്‌ലകത്ത് റഹ്‌യാനത്ത്, പാനപ്പറമ്പത്ത് മൈമൂനത്ത്, വെളുകടവത്ത് ഫൗസിയ, മൂസാന്റെ പുരയ്ക്കല്‍ ചെറിയബീവി, പൗറകത്ത് നഫീസ മോള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."