വീട്ടമ്മയുടെയും മൂന്നു മക്കളുടെയും തിരോധാനത്തില്‍ ദുരൂഹത
കൊണ്ടോട്ടി: ദുരൂഹസാഹചര്യത്തില്‍ കാണാതായ കരിപ്പൂര്‍ പുളിംപറമ്പിലെ വീട്ടമ്മയെയും മൂന്നു പെണ്‍മക്കള്‍ക്കളെയും രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഏപ്രില്‍ 30 മുതല്‍ ഇവരെ കാണാതായതായി മൂത്ത മകന്‍ നല്‍കിയ പരാതിയില്‍ കരിപ്പൂര്‍ പൊലിസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിവരികയാണ്.
കഴിഞ്ഞ 30നാണ് പുളിയംപറമ്പില്‍ താമസിക്കുന്ന പ്രവാസിയുടെ ഭാര്യയെയും 18, ആറ്, നാല് വയസ് പ്രായമായ മൂന്നു പെണ്‍കുട്ടികളെയും കാണാതായത്. മൂത്ത മകന്‍ മരണ വീട്ടിലേക്കു പോയ സമയത്താണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. ചെറളപ്പാലത്തുനിന്ന് ഓട്ടോറിക്ഷയില്‍ ഇവര്‍ കൊണ്ടോട്ടി ഭാഗത്തേക്കു പോകുന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
വീട്ടമ്മ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയതായി കരിപ്പൂര്‍ എസ്.ഐ കെ.ബി ഹരികൃഷ്ണന്‍ പറഞ്ഞു. ഇവര്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചിട്ടുണ്ട്. പൊലിസ് കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലെ എമിഗ്രേഷനുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ വിദേശത്തേക്കു പോയിട്ടില്ലെന്നും കണ്ടെത്തി.
അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവര്‍ക്കു ബന്ധമുണ്ടെന്നു പറയുന്ന മേലങ്ങാടിയിലെ ദിവ്യനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഇയാളെ ഒന്നിലധികം തവണ പൊലിസ് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഭാര്യയെയും മക്കളെയും കാണാതായതറിഞ്ഞു ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."