വിതരണത്തിനുള്ള ടാങ്കറുകളില്‍ സംവിധാനമായില്ല: കുടിവെള്ളം മുട്ടിച്ച് ജി.പി.എസ്!
മലപ്പുറം: കുടിവെള്ളം വിതരണം ചെയ്യാനുള്ള പണവും ജല സ്രോതസുകളുമുണ്ടായിട്ടും ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകള്‍ ലഭിക്കാത്തതു കാരണം ജില്ലയില്‍ കുടിവെള്ള വിതരണം വഴിമുട്ടി. ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിക്കാനുള്ള ടെന്‍ഡര്‍ വിളിച്ചെങ്കിലും ഏജന്‍സികള്‍ ഉയര്‍ന്ന തുകയാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്നു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ റീ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്.
ജില്ലയില്‍ ഇത്തരം ഏജന്‍സികള്‍ ഇല്ലാത്തതിനാല്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ് ജി.പി.എസ് ഘടിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഇവരാണ് വന്‍ തുക ആവശ്യപ്പെടുന്നത്. ഒരു ടാങ്കര്‍ ലോറിയില്‍ ഒരു മാസത്തേക്കു ജി.പി.എസ് ഘടിപ്പിക്കാന്‍ 8,000 രൂപയാണ് വാടകയായി ആവശ്യപ്പെടുന്നത്. ജില്ലയിലോ സമീപ ജില്ലകളിലോ ഇത്തരം ഏജന്‍സികളില്ലാത്തത് ഇവര്‍ അവസരമാക്കുകയാണ്. ഒരു പഞ്ചായത്തിലേക്കുതന്നെ അഞ്ചു വണ്ടികള്‍ വേണ്ടിവരുമെന്നതിനാല്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ വന്‍ തുക മുടക്കേണ്ട സ്ഥിതിയാണിപ്പോള്‍.
കുടിവെള്ള വിതരണത്തിനു കരാറെടുക്കുന്നവര്‍ യഥാവിധി വിതരണം ചെയ്യാതിരിക്കുന്നതും മലിന ജലസ്രോതസുകളെ ആശ്രയിക്കുന്നതും തടയാനാണ് ജി.പി.എസ് സംവിധാനമുള്ള ടാങ്കര്‍ ലോറികളില്‍ മാത്രമേ കുടിവെള്ളം വിതരണം നടത്താവൂ എന്നു തദ്ദേശ സ്വയംഭരണ വകുപ്പ് നിര്‍ദേശം നല്‍കിയത്. ടാങ്കറുകള്‍ എവിടെനിന്നു വെള്ളമെടുക്കുന്നുവെന്നും എവിടെയൊക്കെ, എത്ര തവണ വെള്ളം വിതരണം ചെയ്തുവെന്നും ഇതിലൂടെ കണ്ടെത്താനാകും.
ഓരോ ടാങ്കര്‍ ലോറിയും നടത്തിയ കുടിവെള്ള വിതരണത്തിന്റെ വ്യക്തമായ ചിത്രം അധികൃതര്‍ക്കു ലഭിക്കും. കുടിവെള്ള വിതരണം നടത്തിയെന്ന വ്യാജേന തുക തട്ടിയെടുത്ത സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതൊഴിവാക്കാനാണ് ഈ വര്‍ഷം ജി.പി.എസ് നിര്‍ബന്ധമാക്കിയത്. ഒരു ലിറ്റര്‍ വെള്ളത്തിന് 40 പൈസ എന്ന നിരക്കിലാണ് ടാങ്കര്‍ ലോറികള്‍ക്കു നല്‍കുന്നത്. ടാങ്കര്‍ ലോറികളിലെ വെള്ളത്തിനു രൂക്ഷ ഗന്ധവും മലിനമയവുമാണെന്ന പരാതി കഴിഞ്ഞ തവണ ഉയര്‍ന്നിരുന്നു. ഇതു പരിഹരിക്കുന്നതിനായി ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെയും വെള്ളം പരിശോധിച്ചു പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്നു മാത്രമേ കുടിവെള്ളമെടുക്കാവൂ എന്നാണ് നിര്‍ദേശം.
തീരദേശങ്ങളിലാണ് ഇപ്പോള്‍ കുടിവെള്ള ക്ഷാമം കൂടുതലുള്ളത്. താനൂര്‍, തിരൂര്‍, പൊന്നാനി മേഖലകളില്‍ ഉപ്പുവെള്ളം കയറിയതു മൂലം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് പ്രദേശവാസികള്‍. ജി.പി.എസ് സംവിധാനം വൈകുന്നത് ഇവര്‍ക്കു വലിയ ദുരിതമാകുകയാണ്.
ഓരോ പഞ്ചായത്തിനും കുടിവെള്ള വിതരണത്തിനായി തനത് ഫണ്ടില്‍നിന്ന് മെയ് 31വരെ 15 ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് 16.5 ലക്ഷംവും കോര്‍പറേഷന് 22 ലക്ഷവും ചെലവഴിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."