മഴ പെയ്തിട്ടും കുടിവെള്ളമില്ലാതെ വടക്കാഞ്ചേരി കെ.പി കുന്ന് നിവാസികള്‍
വടക്കാഞ്ചേരി: മേടമാസ ചൂടിനു ശമനമേകി നാടാകെ കനത്ത മഴ പെയ്യുമ്പോഴും ദാഹമകറ്റാന്‍ പോലും വെള്ളമില്ലാതെ വടക്കാഞ്ചേരി കെ.പി കുന്ന് നിവാസികള്‍. നഗരസഭ വല്ലപ്പോഴും എത്തിയ്ക്കുന്ന വെള്ളവും വാട്ടര്‍ അതോരിറ്റി തോന്നുമ്പോള്‍ പൈപ്പിലൂടെ തുറന്നു വിടുന്ന വെള്ളവുമാണ് ഈ മേഖലയിലെ നൂറു കണക്കിനു ജനങ്ങളുടെ ഏക ആശ്രയം.
ഉയര്‍ന്ന പ്രദേശമായതിനാല്‍ കടുത്ത കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണു നാട്. സാധാരണക്കാരായ ജനങ്ങളുടെ ആവാസ കേന്ദ്രമായ പ്രദേശത്ത് ജലക്ഷാമപരിഹാരത്തിനു നഗരസഭ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.നിലവിലുണ്ടായിരുന്ന ജല പദ്ധതി വെള്ളമില്ലാതെ പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്നു നഗരസഭ മൂന്നു കിണര്‍ കുഴിച്ചെങ്കിലും ഒന്നിലും വെള്ളം കിട്ടിയില്ല.
രണ്ടു മാസം മുന്‍പ് കുഴിച്ച കുഴല്‍ കിണറില്‍നിന്നു അഞ്ചു ദിവസം മാത്രമാണു വെള്ളം പമ്പു ചെയ്യാനായത്. ജനങ്ങളുടെ കൊടിയ ദുരിതത്തിനു പരിഹാരം കാണാന്‍ നഗരസഭ ഇപ്പോള്‍ ലോറി വെള്ളം വിതരണമാരംഭിച്ചിട്ടുണ്ട്. എന്നിട്ടും പ്രതിസന്ധിയ്ക്ക് ഒരു അയവുമില്ല. രാവിലെ മുതല്‍ വെള്ളം വരുന്നതും കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് ജോലിയ്ക്കു പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രതിസന്ധിയ്ക്കു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."