ടവര്‍ നിര്‍മാണത്തിനെതിരേ സമരം ശക്തമാകുന്നു
കുന്നംകുളം: ടവര്‍ നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ ഇറക്കാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലിസും സമരസമിതി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. വൃദ്ധകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് പിടിച്ചു വലിച്ച് സ്ഥലത്തുനിന്ന് നീക്കി. പ്രതിഷേധക്കാരെ പൊലിസ് ലാത്തി വീശി ഓടിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു പൊലിസ് പിന്‍വാങ്ങുകയും സാധനസാമഗ്രികള്‍ ഇറക്കാതെ വാഹനം തിരിച്ചു പോവുകയും ചെയ്തു.
പ്രായമായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ ജനക്കൂട്ടമാണു മൊബൈല്‍ ടവറിനെതിരായുള്ള സമരത്തില്‍ അണിചേര്‍ന്നത്. എട്ടു ദിവസത്തോളമായി പ്രദേശ വാസികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജനകീയ സമരത്തിനു ജനപിന്തുണ ഏറുന്നതിനിടെയാണ് പൊലിസ് നടപടി. പ്രതിഷേധത്തിന്റെ മുന്‍ നിരയിലുള്ള സ്ത്രീകളെ ഉടുതുണി പിടിച്ചു നിര്‍ദാക്ഷിണ്യം ചെങ്കല്‍ പാതയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
സരോജിനി കുഞ്ഞുകുട്ടന്‍ , തങ്കമണി കുട്ടായി, അമ്മു താണ്ടു, ചെറിയമ്മു, ഗീത വേലായുധന്‍, മിതു രഘു എന്നിവരെയാണു സമരമുഖത്തുനിന്നും അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനിടയില്‍ പൊതുജനം നിര്‍മാണ നിരത്തിലേക്കു കല്ലുകളുമായി കയറി. ടവറിന്റെ നിര്‍മാണ സാമഗ്രികളുമായെത്തിയ ലോറി ജനകീയ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്നാണു സംഘര്‍ഷം ഉടലെടുത്തത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരുപാടികളുമായി മുന്നോട്ടു പോകുമെന്നു സമര ഭാരവാഹികള്‍ അറിയിച്ചു. സമരത്തെ തുടര്‍ന്ന് കാട്ടകാമ്പല്‍ പഞ്ചായത്തില്‍ കരിദിനമായി ആചരിച്ചു. സംഭവസ്ഥലത്തു കുന്നംകുളം സി.ഐ ഗോപകുമാര്‍, എസ്.ഐ യു.കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം ഉണ്ടായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനത്തിനെതിരേ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ കഴിഞ്ഞ ദിവസം മൊബൈല്‍ കമ്പനിക്കും പൊലിസിനും പഞ്ചായത്തധികൃതര്‍ നല്‍കിയിരുന്നു. അതൊന്നും വകവെക്കാതെ നിര്‍മാണം തുടങ്ങാന്‍ ഒരുങ്ങിയ കമ്പനി ഉദ്യോഗസ്ഥരെയാണു സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.
സമരപ്രവര്‍ത്തകരും പൊലിസുമായി നടത്തിയ ചര്‍ച്ചക്കു ശേഷം പ്രകടനം നടത്തി ജനങ്ങള്‍ പിരിഞ്ഞുപോയി. തുടര്‍ന്നു സാധനങ്ങള്‍ ഇറക്കാതെ വാഹനം മടങ്ങി പോവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."