കണ്ണടയ്ക്കില്ല ഇനി ഈ ഹെഡ്‌ലൈറ്റുകള്‍
പാപ്പിനിശ്ശേരി: പകല്‍ സമയത്ത് ഹെഡ്‌ലൈറ്റ് ഓഫാക്കാതെ പോകുന്ന ഇരുചക്ര വാഹനയാത്രികരെ കണ്ടാല്‍ ലൈറ്റ് കത്തിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ പലപ്പോഴും മറ്റുള്ളവര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇനി അത്തരം ഉപകാരം ചെയ്യാന്‍ നില്‍ക്കേണ്ട. കാരണം നിങ്ങള്‍ പറഞ്ഞാലും അവര്‍ക്ക് ലൈറ്റ് ഓഫാക്കാനാവില്ല എന്നത് തന്നെ കാര്യം.
ഹെഡ്‌ലൈറ്റുകള്‍ എപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണ്‍ (എ.എച്ച്.ഒ) എന്ന സംവിധാനവുമായാണ് പുതിയ ഇരു ചക്രവാഹനങ്ങള്‍ എത്തുന്നത്. റോഡ് സുരക്ഷക്ക് മുന്‍നിര്‍ത്തി വരുത്തിയ ഈ മാറ്റം കാരണം ആവശ്യമുള്ളപ്പോള്‍ ലൈറ്റ് ഓണ്‍, ഓഫ് ചെയ്യുന്നതിനുളള സ്വിച്ച് ഇനി ഉണ്ടായിരിക്കില്ല.
വാഹനത്തിന്റെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഹെഡ്‌ലൈറ്റ് കത്തി നില്‍ക്കുകയും ഓഫ് ചെയ്യുമ്പോള്‍ ഇല്ലാതാകുകയുമാണ് ചെയ്യുക. ഇരുചക്രവാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് സ്‌കൂട്ടറും ബൈക്കും ഉള്‍പ്പെടെയുള്ള എല്ലാ മോഡലുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ എ.എച്ച്.ഒ സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2017 ഏപ്രില്‍ 1 മുതല്‍ നിയമം കര്‍ശനമായി നടപ്പിലാക്കും.
നിയമം നടപ്പിലാക്കുന്നത് മൂലം മഴക്കാലത്തും പൊടിയും മൂടല്‍ മഞ്ഞും ഉണ്ടാകുന്ന സമയങ്ങളിലും ഇരുചക്രവാഹനയാത്രികരെ മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ഇത് അപകടങ്ങള്‍ ഒഴിവാക്കുമെന്ന വിലയിരുത്തലിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പിറകില്‍ നിന്ന് വരുന്നവ പോലും വലിയ വാഹനങ്ങളുടെ റിയര്‍ വ്യൂ മിററുകളില്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടും
റോഡ് സുരക്ഷയ്ക്കായി സുപ്രിംകോടതി നിയമിച്ച കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നത്. പല വിദേശ രാജ്യങ്ങളിലും എ.എച്ച്.ഒ സംവിധാനം ഇരുചക്രവാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ കാരണമായിട്ടുണ്ടെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇതിനകം തന്നെ പലകമ്പനികളുടെയും ബൈക്കുകളും സ്‌കൂട്ടറുകളും എ.എച്ച്.ഒ സംവിധാനവുമായി ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഹെഡ്‌ലൈറ്റിലെ മാറ്റത്തിനൊപ്പം പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള 'ബിഎസ് 4' എന്‍ജിന്‍ സംവിധാനവുമായാണ് പുതിയ വാഹനങ്ങള്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."