കര്‍ണാടക തെരഞ്ഞെടുപ്പ്: 'കിങ്മേക്കര്‍' കുമാരസ്വാമി സിംഗപ്പൂരിലേക്ക് വിട്ടു
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്ന ചോദ്യമാണ് എല്ലായിടത്തും. ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാവില്ലെന്ന എക്സിറ്റ്പോള്‍ ഫലങ്ങളില്‍ ജെ.ഡി.എസ് പ്രതീക്ഷ പ്രകടിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഭൂരിപക്ഷമുണ്ടാവുമെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.
ചില സര്‍വ്വേകള്‍ ഉയര്‍ത്തിക്കാട്ടിയ പോലെ, ജെ.ഡി.എസ് നിര്‍ണായക ശക്തിയായാല്‍ എച്ച്.ഡി കുമാരസ്വാമി 'കിങ്മേക്കര്‍' ആവും. ഈ നിരീക്ഷണങ്ങളെല്ലാം വരുന്നതിനിടെ, കുമാരസ്വാമി സിംഗപ്പൂരിലേക്കു പറന്നു. വോട്ടെണ്ണുന്നതിന്റെ തലേദിവസം മാത്രമാണ് കുമാരസ്വാമി തിരിച്ചെത്തുക.
തൂക്കുസഭ വന്നാല്‍, കൂടെക്കൂട്ടാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ജെ.ഡി.എസുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഈ ചര്‍ച്ചകള്‍ക്കു വേണ്ടിയാണ് സിംഗപ്പൂരിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമങ്ങളെയെല്ലാം ഒഴിച്ചുനിര്‍ത്തി സ്വസ്ഥമായി ചര്‍ച്ച നടത്താനാണ് സിംഗപ്പൂര്‍ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, എക്സിറ്റ് പോളുകള്‍ വെറും വിനോദം മാത്രമാണെന്നും കോണ്‍ഗ്രസ് തന്നെ വീണ്ടും വരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 120 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."