ജിദ്ദ പുതിയ വിമാനത്താവളം റമദാന്‍ ഏഴിന് തുറക്കും
ജിദ്ദ: പരീക്ഷണാര്‍ഥം പുതിയ വിമാനത്താവളം റമദാന്‍ ഏഴിന് (ഈ മാസം 22) തുറക്കുമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് തീരുമാനം. എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലന സെഷനിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എയര്‍പോര്‍ട്ടിലെ വികസന പ്രവര്‍ത്തനങ്ങളുടെയും ടെര്‍മിനലുകളിലെ സജ്ജീകരണങ്ങളുടെയും പ്രവര്‍ത്തനരീതിയുടെ മോഡലുകള്‍ പരിശീലനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിമാനത്താവളത്തിലെ വിവിധ വകുപ്പുകളുടെയും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും മേധാവികളും സര്‍ക്കാര്‍ പ്രതിനിധികളും സംബന്ധിച്ച പരിശീലന സെഷന്‍ വലിയ വിജയമായിരുന്നുവെന്ന് എയര്‍പോര്‍ട്ട് മേധാവി അസാം നൂര്‍ വെളിപ്പെടുത്തി.
പ്രതിവര്‍ഷം 80 മില്യണ്‍ യാത്രക്കാര്‍ക്ക് സുഗമമായി വന്നുപോകാന്‍ സാധിക്കുന്ന വിധത്തില്‍ സൗകര്യമുള്ള പുതിയ എയര്‍പോര്‍ട്ട് ഈ വര്‍ഷമാദ്യം ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പിന്നീട് ഉദ്ഘാടനം മെയ് ഒന്നിലേക്ക് മാറ്റിയിരുന്നുവെങ്കിലും അതും നടന്നിരുന്നില്ല. ഒടുവിലാണ് റമദാന്‍ ഏഴിന് തുറക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്. മക്ക പ്രവിശ്യയിലെ മുഴുവന്‍ ജനങ്ങളും 36 ബില്യണ്‍ റിയാല്‍ ചെലവഴിച്ച് നിര്‍മിച്ച എയര്‍പോര്‍ട്ട് തുറക്കുന്നതിനായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."